പത്തനംതിട്ട : ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ
ജില്ലയിൽ വികസന പദ്ധതികൾ നടപ്പാക്കിയതായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭരണനിർവഹണം ജില്ല പഞ്ചായത്തിനെ എൽപ്പിച്ചത് അധിക ഭാരമായതായി ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് അംഗം റോബിൻ പീറ്റർ. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ആരോഗ്യമന്ത്രിയും നഗരസഭ ചെയർപേഴ്‌സണും തമ്മിലുള്ള ചേരിപ്പോരാണ് നഗരസഭയുടെ ചുമതലയിൽ നിന്ന് ജനറൽ ആശുപത്രിയുടെ ഭരണനിർവഹണം മാറ്റാൻ കാരണമായതെന്ന് സംശയിക്കുന്നതായും റോബിൻ പീറ്റർ പറഞ്ഞു.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയുടെ കാര്യം പോലും നോക്കാൻ ജില്ലാ പഞ്ചായത്തിന് ഫണ്ടില്ലാതെ വിഷമിക്കയാണ്. ഇതിനുപുറമെയാണ് ജനറൽ ആശുപത്രി ചുമതല കൂടിഏൽപ്പിച്ചത്. ഇതിൽ പുനർവിചിന്തനം ആവശ്യമാണന്നും തിരികെ നഗരസഭയെ ഏൽപിക്കുകയാണ് വേണ്ടതെന്നും റോബിൻ പീറ്റർ പറഞ്ഞു. ഇക്കാര്യത്തിൽ അഡ്വ.ഓമല്ലൂർ ശങ്കരനും യോജിച്ചു. ഒരുകോടിയോളം രൂപയുടെ മരുന്ന് ജില്ല പഞ്ചായത്ത് നൽകിയതായും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കികൊടുക്കേണ്ടി വരുന്നതായും ഓമല്ലൂർ ശങ്കരൻ പറഞ്ഞു
ജില്ലയെ മാലിന്യ മുക്തമാക്കി : ഓമല്ലൂർ ശങ്കരൻ
ജില്ലയെ മാലിന്യമുക്തമാക്കാൻ കഴിഞ്ഞു . ഇതിനായി ഹരിത കർമ്മ സേനയെ ശക്തികരിച്ചു. മാലിന്യം ശേഖരിക്കാൻ 36 വാഹനങ്ങൾ പഞ്ചായത്തുകൾക്ക് വാങ്ങിനൽകി. പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിച്ച് സംസ്‌കരിക്കാൻ കുന്നന്താനത്ത് ആധുനിക ഫാക്ടറി സ്ഥാപിച്ചു. എട്ടു കോടി 40 ലക്ഷം രൂപ ചെലവിലാണ് ഇത്‌നിർമ്മിച്ചത്. കാർഷികമേഖലയിൽ കൊടുമൺ റൈസ്മിൽ ആരംഭിക്കാൻ ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചു. 30 ഏക്കർ സ്ഥലത്ത് കരിമ്പു കൃഷി ആരംഭിച്ചു. ഇവിടങ്ങളിൽ നാടൻ ശർക്കര ഉൽപാദനവും നടക്കുന്നു. പുളിക്കീഴിൽ എ.ബി.സി കേന്ദ്രം നിർമ്മാണം പൂർത്തിയായി . മാത്തൂരിൽ ഖാദി ഉൽപാദന കേന്ദ്രം തുടങ്ങി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ജില്ലയുടെ ചരിത്രം ഉൾപ്പെടുത്തി ജില്ലാ വിജ്ഞാനീയ ചരിത്ര പുസ്തകം വലിയ നേട്ടമാണ്.
പ്രതിപക്ഷം പിന്തുണച്ചു : റോബിൻ പീറ്റർ
ജില്ലയിലെ സമഗ്രമായ പദ്ധതികൾക്ക് പ്രതിപക്ഷമായ യു.ഡി.എഫ് പിന്തുണ നൽകി. പഞ്ചായത്തുകളിലെ എം.സി.എഫ് പ്രവർത്തനം താളംതെറ്റികിടക്കുന്നു. ജില്ലയ്ക്ക് ഗുണകരമായ പ്രവർത്തനങ്ങളിൽ യു.ഡി.എഫ് സഹകരണം നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ തുടരെ മാറിയത് പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൊടുമൺ റൈസ്മിൽ പരിതാപകരമാണ്.
ദീർഘവീക്ഷണമില്ലാത്ത പദ്ധതിയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്. മിക്ക പദ്ധതികൾക്കും ഫണ്ട് ലഭ്യമാകുന്നില്ല. കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്. 26 ലക്ഷം രൂപ ചെലവഴിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനം മുടങ്ങി കിടക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |