
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ബി.എൽ.ഒയ്ക്ക് എതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ല. പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. അവരുടെ വിഷമങ്ങളിൽ കമ്മിഷൻ കൂടെ നിൽക്കും. പരാതികളുണ്ടെങ്കിൽ പരിഹരിക്കും. പരാതികൾ ബൂത്തുതല സൂപ്പർവൈസർക്കും കളക്ടർക്കും നൽകാം.
ഫോം പൂരിപ്പിച്ച് തിരിച്ചുവാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാൻ ഐ.ടി ഹബ്ബുകളൊരുക്കും. ഇവിടങ്ങളിൽ വോളന്റിയർമാർ, കുടുംബശ്രി പ്രവർത്തകർ എന്നിവരെ സഹായികളായി നിയോഗിക്കും. കൂടുതൽ ബി.എൽ.എമാരെ നിയോഗിച്ച് രാഷ്ട്രീയപാർട്ടികളുടെ പരാതികൾ പരിഹരിക്കും.
സംസ്ഥാനത്ത് ഇതിനകം 97 ശതമാനം ഫോം വിതരണം പൂർത്തിയായി. ഇനി എട്ടുലക്ഷത്തോളം വോട്ടർമാർക്ക് മാത്രമാണ് ഫോം വിതരണം ചെയ്യാനുള്ളത്. ഫോം പൂരിപ്പിച്ച് വാങ്ങുന്നതിന് ഡിസംബർ നാലുവരെ സമയമുണ്ട്. അതിന് നാലോ അഞ്ചോ ദിവസം മുമ്പ് പൂരിപ്പിച്ച് വാങ്ങൽ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താനും പരിഹരിക്കാനും വേണ്ടിയുള്ള മുൻകരുതലാണിത്.
ഇതുവരെ 55000 വോട്ടർമാർക്ക് ഫോം നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് കിട്ടി. ഇവരിൽ 29000പേർ മരിച്ചുപോയവരാണ്. 20000 പേർ സ്ഥലം മാറിപ്പോയി. 3800 പേർ ഇരട്ടിപ്പായിരുന്നു. ഈ വിവരം ബൂത്ത് ലെവൽ ഏജന്റുമാരുടെ യോഗം വിളിച്ച് അറിയിക്കും. ലിസ്റ്റ് കൈമാറി അഭിപ്രായങ്ങൾ ഒപ്പിട്ട് വാങ്ങി ഇലക്ഷൻ കമ്മിഷന് സമർപ്പിക്കും.
ബി.എൽ.ഒമാർക്ക് വിമർശനം,
കളക്ടറുടെ ശബ്ദസന്ദേശം പുറത്ത്
ആലപ്പുഴ: എസ്.ഐ.ആർ നടപടികളിൽ ബി.എൽ.ഒമാരെ ശാസിക്കുന്ന ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ ശബ്ദസന്ദേശം പുറത്ത്. ബി.എൽ.ഒമാരും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം. കണ്ണൂരിൽ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യചെയ്യും മുമ്പുള്ളതാണിത്.
''പലരും ചടങ്ങിനുവേണ്ടി അഞ്ചോ ആറോ വീടുകളിൽ കയറി നടപടി പൂർത്തിയാക്കുന്നു. പലർക്കും യാതൊരു സീരിയസ്നെസുമില്ല. എ.ഇ.ആർ.ഒമാരും ഇ.ആർ.ഒമാരും നിർബന്ധമായും സൈറ്റുകളിൽ നേരിട്ടെത്തി പരിശോധിക്കണം. പലരും ഫീൽഡിൽ പോകുന്നില്ല. ഒരു സൂപ്പർവൈസർക്കും യാതൊരു താത്പര്യവുമില്ല. ആർക്കോ വേണ്ടി പ്രവർത്തിക്കുന്നതു പോലെയാണ്. ആലപ്പുഴ ജില്ല ഏറ്റവും മോശമായി പോകുന്നു''. തുടങ്ങിയ വിമർശനങ്ങളാണ് ശബ്ദസന്ദേശത്തിൽ.
കായംകുളം, ഹരിപ്പാട് മേഖലകളിൽ പത്തോളം ബി.എൽ.ഒമാരുടെ സൈറ്റിൽ മിന്നൽ പരിശോധന നടത്തിയ ശേഷമാണ് കളക്ടറുടെ ശാസന. അതേസമയം, പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശം എസ്.ഐ.ആർ നടപടികളുടെ തുടക്കസമയമായ നവംബർ 10ന് നൽകിയതാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ബംഗാളിലും ബി.എൽ.ഒയുടെ ആത്മഹത്യ
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ജൽപാഗുഡി മാൾ ബ്ലോക്കിലെ വനിതാ ബൂത്ത് ലെവൽ ഓഫീസർ ശാന്തിമുനി ഒറാവോ (48) ആത്മഹത്യ ചെയ്തു. ശാന്തിമുനിയെ ഇന്നലെ രാവിലെയാണ് വീടിനടുത്തുള്ള ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.ഐ.ആർ ജോലിയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മനുഷ്യത്വരഹിതമായ സമ്മർദ്ദം ചെലുത്തിയതിനാലാണ് ആതമഹത്യയെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. എസ്.ഐ.ആർ നടപടികൾഉടൻ നിർത്തിവയ്ക്കാനും മമത തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മമത ബാനർജിയുടെ അവകാശവാദം തള്ളിയ ബി.ജെ.പി ഭരണകക്ഷിയായ തൃണമൂൽ ഗുണ്ടകളുടെ ഭീഷണിയും സമ്മർദ്ദവും മൂലമാണ് ബി.എൽ.ഒ മരിച്ചതെന്ന് ആരോപിച്ചു.
കേരളത്തിലെ എസ്.ഐ.ആർ:
ഹർജികൾ വെള്ളിയാഴ്ചത്തേക്ക്
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സംസ്ഥാന സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകുമാണ് ഹർജികൾ സമർപ്പിച്ചത്.
അടിയന്തരമായി പരിഗണിക്കണമെന്ന്ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് മുന്നിൽ സർക്കാരിന്റെയും ലീഗിന്റെയും അഭിഭാഷകർ ആവശ്യപ്പെട്ടപ്പോൾ വെള്ളിയാഴ്ച ലിസ്റ്ര് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്.ഐ.ആർ മാറ്റിവയ്ക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആർ നടപടികളും ഒരേസമയം നടത്തുന്നത് ഭരണസ്തംഭനമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |