
ബംഗളൂരു: കർണാടകയിലെ സർക്കാർ ആശുപത്രിയിലെ ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. ഹാവേരി ജില്ലാ ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്. റാണെബെന്നൂർ താലൂക്കിലെ കാങ്കോൽ സ്വദേശി രൂപ ഗിരീഷ് കരബന്നവന്റെ (30) പെൺകുഞ്ഞാണ് മരിച്ചത്.
സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പ്രസവവേദന കൂടിയതോടെ രൂപയെ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ലേബർ റൂമിൽ കിടക്കയില്ലാത്തതിനാൽ രൂപയെ തറയിലാണ് ആശുപത്രി അധികൃതർ ഇരുത്തിയത്. ഇതിനിടെ ടോയ്‌ലറ്റിലേക്ക് പോയ യുവതി ഇടനാഴിയിൽ വച്ച് പ്രസവിക്കുകയായിരുന്നു.
കുട്ടിയുടെ തല തറയിലിടിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രൂപയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി അധികൃതർ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. ഡോക്ടർമാരും നഴ്സും ഫോൺ നോക്കിയിരിക്കുകയായിരുന്നുവെന്നും രൂപയെ ശ്രദ്ധിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ആശുപത്രിയിക്കെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ സൂപ്രണ്ടിനോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതേസമയം, അവഗണനയുണ്ടായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ജില്ലാ ആശുപത്രി സർജൻ പി ആർ ഹവാനുർ പറഞ്ഞു. തിങ്കളാഴ്ച മുതൽ കുഞ്ഞിന് അനക്കമില്ലെന്നായിരുന്നു അവരുടെ പരാതി. പ്രസവത്തിന് മുൻപ് കുഞ്ഞ് മരിച്ചിരുന്നോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |