
അഹമ്മദാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കോമഡി ഷോയിൽ നടത്തിയ തമാശ നിറഞ്ഞ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. 'ദ ലാവരി ഷോ'യിൽ അതിഥിയായി എത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ പാർഥിവ് പട്ടേൽ 2003ലെ ഏകദിന ലോകകപ്പിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് രസകരമായി പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്.
സംവാദത്തിനിടെ വെള്ളം ഒരു ചർച്ചാവിഷയമായപ്പോഴാണ് പാർഥിവ് തന്റെ പഴയ ഓർമ്മകളിലേക്ക് പോയത്. 'വെള്ളത്തെക്കുറിച്ച് പറയരുത്, ഞാൻ 85 ഏകദിനങ്ങളിൽ വെള്ളം ചുമന്നിട്ടുണ്ട്. രാഹുൽ ദ്രാവിഡ് വിക്കറ്റ് കീപ്പർ ആയിരുന്നപ്പോൾ ഞാൻ ഡ്രിങ്ക്‌സ് കാരിയർ ആയിരുന്നു. 2003 ലോകകപ്പ് മുഴുവനും ഞാൻ വെള്ളം കൊടുത്തു. എന്നാൽ, അന്ന് വെള്ളം ചുമന്നാണ് ഒരു വലിയ വീട് ഞാൻ ഉണ്ടാക്കിയത്,' പാർഥിവ് പട്ടേൽ തമാശരൂപേണ പറഞ്ഞു.
2002ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച പാർഥിവ് ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നീ രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിച്ച 2003 ലോകകപ്പ് സ്ക്വാഡിലെ താരമായിരുന്നു. എന്നാൽ ടൂർണമെന്റിലുടനീളം രാഹുൽ ദ്രാവിഡാണ് വിക്കറ്റ് കീപ്പർ-ബാറ്റർ റോളിൽ കളിച്ചത്. അതിനാൽ പാർഥിവിന് ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിച്ചില്ല. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് 125 റൺസിന് പരാജയപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പാർഥിവ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറായി (17 വയസ്സും 152 ദിവസവും) ചരിത്രം കുറിച്ചിരുന്നു. 22 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ട് ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |