
ന്യൂഡൽഹി: ആറുമാസത്തിൽപ്പരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി അലങ്കരിക്കുന്ന ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും. മേയ് 14നാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ഇന്നാണ് അവസാന സിറ്റിംഗ്. ഞായറാഴ്ച റിട്ടയർമെന്റ്. ഇന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ നിർദ്ദിഷ്‌ട ചീഫ് ജസ്റ്റിസ് സൂര്യകാന്തിനും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനുമൊപ്പം യാത്രയയപ്പുമായി ബന്ധപ്പെട്ട സെറിമോണിയൽ ബെഞ്ചിൽ സിറ്റിംഗ് നടത്തും. ദലിത് പശ്ചാത്തലമുള്ള ബുദ്ധമത വിശ്വാസിയാണ് അദ്ദേഹം. ബില്ലുകളിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി അയച്ച റഫറൻസിൽ അഭിപ്രായം പറഞ്ഞുക്കൊണ്ടാണ് ഗവായ് ഒടുവിൽ ശ്രദ്ധേയനായത്. വിശ്വാസം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് അഭിഭാഷകൻ അദ്ദേഹത്തിനു നേരെ ഷൂ എറിയാൻ ശ്രമിച്ചപ്പോൾ രാജ്യം ഞെട്ടി. എന്നാൽ അഭിഭാഷകന് ഗവായ് മാപ്പു നൽകി. എസ്.സി /എസ്.ടിയിലെ ഉപവിഭാഗങ്ങൾക്കും സംവരണം നൽകാമെന്ന വിധി ചരിത്രമായി. അതേസമയം, പട്ടിക വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കണമെന്ന നിലപാട് ദലിത് സംഘടനകളുടെ അടക്കം രൂക്ഷ വിമർശനം ക്ഷണിച്ചു വരുത്തി. വികസന പദ്ധതികൾക്ക് അടക്കം മുൻകാല പ്രാബല്യത്തോടെ പാരിസ്ഥിതിക അനുമതി നൽകാൻ കേന്ദ്രസർക്കാരിന് അനുമതി നൽകിയത് ഗവായ് അദ്ധ്യക്ഷനായ ബെഞ്ചാണ്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുക തന്നെ വേണമെന്ന് നിലപാടെടുത്തു. സുപ്രീംകോടതി ജഡ്‌ജിയായുള്ള 2019 മേയ് 24 മുതൽ ഇതുവരെ 367ൽപ്പരം വിധികൾ പുറപ്പെടുവിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മാനനഷ്‌ടക്കേസിലെ ശിക്ഷ സ്റ്റേ ചെയ്‌തു. ബുൾഡോസർ ഉപയോഗിച്ചുള്ള അതിവേഗ പൊളിച്ചു നീക്കലുകൾ ഭരണഘടനാ വിരുദ്ധമെന്നും വിധിച്ചു.
ഞാൻ തികഞ്ഞ മതേതരവാദി
ബുദ്ധമത വിശ്വാസിയും, തികഞ്ഞ മതേതരവാദിയുമാണ് താനെന്ന് ഇന്നലെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ഗവായ് പറഞ്ഞു. ഡോ.ബി.ആർ. അംബേദ്കറും ഭരണഘടനയും കാരണമാണ് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ തലവനായി മാറാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |