കൊല്ലം: കൊല്ലം കളക്ട്രേറ്റിന് സമീപം ആൽത്തറമൂട് കൈക്കുളങ്ങര വടക്കേത്തൊടിയിൽ കോളനിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വീടുകൾ കത്തിനശിച്ചു. രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. കോളനിയിലെ മുരുകൻ, അനി, കൃഷ്ണകുട്ടി എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയായത്. തീപടർന്നതിന് പിന്നാലെ കോളനിയിൽ ഉണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല.
ഇന്നലെ രാത്രി 7.55 ഓടെയായിരുന്നു തീപിടിത്തം. കൈക്കുളങ്ങര കുളത്തിന്റെ കരയിലുള്ള മുരുകന്റെ വീട്ടിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തൊട്ടുപിന്നാലെ തൊട്ടടുത്ത വീടുകളിലേക്ക് തീപടരുകയായിരുന്നു. അഗ്നിബാധ ഉണ്ടാകുമ്പോൾ മുരുകന്റെ വീട്ടിൽ ആളില്ലായിരുന്നു. ഈ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെയാണ് മറ്റ് രണ്ട് വീടുകളിലേക്ക് തീപടർന്നത്. തടിപ്പലക ഭിത്തികളും തകരഷീറ്റ് മേൽക്കൂരകളുമുള്ള വീടുകളാണ് അഗ്നിക്കിരയായത്. ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരൻ കൃഷ്ണൻകുട്ടിയ അയൽവാസികൾ ഓടിയെത്തി വീടിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മുരുകന്റെ വീട്ടിൽ തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.
മേയർ ഹണിബഞ്ചമിൻ, കളക്ടർ എൻ.ദേവിദാസ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചാമക്കട, കടപ്പാക്കട, ചവറ, കുണ്ടറ എന്നിവിടങ്ങളിൽ നിന്ന് പത്തോളം ഫയർഫോഴ്സ് യൂണിറ്റുകളെത്തി 9.15 ഓടെയാണ് തീ പൂർണമായും കെടുത്തിയത്.
രക്ഷയായത് ഫയർ സ്റ്റേഷനുമായുള്ള ദൂരക്കുറവ്
കൈക്കുളങ്ങര വടക്കേത്തൊടിയിൽ കോളനിയും ചാമക്കട ഫയർ സ്റ്റേഷനും തമ്മിൽ കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമേയുള്ളു. അതുകൊണ്ട് തീപിടിത്തം ഉണ്ടായി പത്ത് മിനിറ്റിനുള്ളിൽ ഫയർഫോഴ്സിന്റെ ആദ്യസംഘം സ്ഥലത്തെത്തി വീടുകളിലെ ഗ്യാസ് സിലിണ്ടറുകൾ അടക്കം നീക്കി. ഫയർഫോഴ്സ് എത്താൻ വൈകിയിരുന്നെങ്കിൽ ശക്തമായ ചൂടിൽ തൊട്ടടുത്തുള്ള വീടുകളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ച് അഗ്നിബാധ കൂടുതൽ രൂക്ഷമായേനെ.
ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തുമ്പോൾ ആദ്യത്തെ വീട്ടിൽ മാത്രമായിരുന്നു തീ. രക്ഷാപ്രവർത്തനം തുടങ്ങാൻ ഒരുങ്ങിയപ്പോൾ ആദ്യത്തെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തൊട്ടടുത്തുള്ള രണ്ട് വീടുകളിലേക്കും തീ പടരുകയായിരുന്നു. ഇതോടെ തീ അണയ്ക്കുന്നതിനൊപ്പം തൊട്ടടുത്തുള്ള വീടുകളിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ നീക്കി. ഒപ്പം ആളുകളെയും ഒഴിപ്പിച്ചു.
ഉല്ലാസ്, ചാമക്കട ഫയർ സ്റ്റേഷൻ ഓഫീസർ
കോളനിയിൽ തീപിടിത്തം ഉണ്ടായതറിഞ്ഞ് ഞാൻ ഓടിയെത്തി. അപ്പോൾ ആദ്യത്തെ വീട്ടിൽ മാത്രമായിരുന്നു തീപിടിത്തം. ആളുകളെല്ലാം നിലവിളിച്ച് കൊണ്ട് റോഡിലേക്ക് ഓടുകയായിരുന്നു. അതിന് പിന്നാലെ ഉഗ്രശബ്ദത്തോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതോടെ അഗ്നിഗോളമായി തൊട്ടടുത്ത രണ്ട് വീടുകളും കത്തുകയായിരുന്നു.
ശരവണകുമാർ, വടക്കേത്തൊടിയിൽ കോളനി
നാലര പതിറ്റാണ്ടായി ദുരിത ജീവിതം
പണ്ട് വയൽ പ്രദേശമായിരുന്നു വടക്കേത്തൊടിയിൽ കോളനി. കോളനിയിലുള്ള കൈക്കുളത്തിൽ നിന്നാണ് പ്രദേശത്തിന് കൈക്കുളങ്ങര എന്ന പേര് വന്നത്. 1985 മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരാണ് കോളനിയിലെ ഇപ്പോഴത്തെ താമസക്കാർ. 35 ഓളം കുടുംബങ്ങളാണ് ഇപ്പോഴുള്ളത്. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് പതിവാണ്. വളരെക്കുറച്ച് പേർക്കേ സ്വന്തം ഭൂമിയുള്ളു. ബാക്കിയുള്ളവർ വർഷങ്ങളായി പട്ടയത്തിന് വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഈ കുടുംബങ്ങളെല്ലാം തുച്ഛ വരുമാനക്കാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |