
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സ്ഥാനം അധികാരത്തിന്റെ പദവിയായി കണ്ടിട്ടില്ലെന്ന്, നാളെ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. ഇന്നലെ അദ്ദേഹത്തിന്റെ അവസാന സിറ്റിംഗ് ദിനമായിരുന്നു. നിർദ്ദിഷ്‌ട ചീഫ് ജസ്റ്റിസ് സൂര്യകാന്തിനും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനുമൊപ്പം യാത്ര അയപ്പുമായി ബന്ധപ്പെട്ട സെറിമോണിയൽ ബെഞ്ചിൽ സിറ്റിംഗ് നടത്തവെയാണ് അദ്ദേഹം മനസുതുറന്നത്. ചീഫ് ജസ്റ്റിസ് പദവിയെ രാജ്യ സേവനത്തിനുള്ള അവസരമായിട്ടാണ് കണ്ടത്. അഭിഭാഷനായി പ്രാക്‌ടീസ് ചെയ്‌തിരുന്നപ്പോഴും ഹൈക്കോടതി - സുപ്രീംകോടതി ജഡ്‌ജിയായപ്പോഴും ഇതേ നിലപാടായിരുന്നു. 1985ൽ ഈ പ്രൊഫഷനിലേക്ക് വന്നപ്പോൾ നിയമത്തിന് മുന്നിൽ വിദ്യാർത്ഥിയായിരുന്നു. ഇന്ന് പരമോന്നത കോടതിയുടെ പദവിയൊഴിയുമ്പോൾ താൻ നീതിയുടെ വിദ്യാർത്ഥിയാണ്. ഡോ.ബി.ആർ. അംബേദ്‌കർ എന്നും പ്രചോദനമായിരുന്നുവെന്നും ദളിത് പശ്ചാത്തലമുളള ബുദ്ധമത വിശ്വാസിയായ ഗവായ് പറഞ്ഞു. ബില്ലുകളിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി അയച്ച റഫറൻസിൽ അഭിപ്രായം പറഞ്ഞപ്പോൾ സ്വദേശി വ്യാഖ്യാനമാണ് നടത്തിയത്. വിദേശരാജ്യങ്ങളിലെ കോടതികളിൽ നിന്നുണ്ടായ ഒരു വിധി പോലും പരാമർശിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. വൈകിട്ട് സുപ്രീംകോടതി ബാർ അസോസിയേഷനും യാത്രഅയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
പൂവെറിയരുത്
സെറിമോണിയൽ ബെഞ്ച് നടക്കുമ്പോൾ അഡ്വ. ജയ സുകിൻ ഒരു പാക്കറ്റ് പൂവിതളുകളുമായി മുന്നോട്ടു നിന്നു. തനിക്കത് ഗവായിക്ക് നേരെ എറിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, ഗവായ് ആവശ്യം സ്‌നേഹപൂർവ്വം നിരസിച്ചു. ഇതളുകൾ തനിക്കുനേരെ എറിയരുതെന്നും ആവശ്യപ്പെട്ടു. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |