വെഞ്ഞാറമൂട്: സ്വർണവില വർദ്ധിച്ചതോടെ ഒറിജിനലിനെ വെല്ലുന്ന വ്യാജ ആഭരണങ്ങളുമായി ഗ്രാമങ്ങളിൽ മുക്കുപണ്ട മാഫിയ സജീവമാകുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ ഇരയാക്കിയാണ് മുക്കുപണ്ട മാഫിയ തട്ടിപ്പ് കൊഴുപ്പിക്കുന്നത്. ഇതിൽ അന്യസംസ്ഥാന തൊഴിലാളികളുംപെടുന്നു.
ധനകാര്യ സ്ഥാപനങ്ങളിൽ പണയം വയ്ക്കാനുള്ള മുക്കുപണ്ടത്തിനൊപ്പം വ്യാജ തിരിച്ചറിയൽ കാർഡുകളാണ് ഇവർ നൽകുന്നത്. പുറമെ ചെറിയ അളവിൽ സ്വർണം പൂശിയ ആഭരണങ്ങൾ പണയം വച്ചാണ് തട്ടിപ്പ്. ഏഴ് ഗ്രാം ചെമ്പ് കൊണ്ട് നിർമ്മിക്കുന്ന ആഭരണത്തിന് പുറത്ത് മൂന്ന് ഗ്രാം സ്വർണം പൂശും. ഇവ പണയം വച്ച് പത്ത് ഗ്രാം സ്വർണത്തിന്റെ വിലയുടെ എഴുപത് ശതമാനം വായ്പയായി വാങ്ങും.
സ്വർണം പൊതിയുന്നതിനാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ഉരച്ച് നോക്കി പൂർണമായും സ്വർണമാണോയെന്ന് ഉറപ്പിക്കാനാകില്ല. പണയമായി കൊണ്ടുവരുന്ന ഉരുപ്പടി മുറിച്ചുനോക്കാനാകില്ല. ഗ്ലാസിന് മുകളിലിട്ട് ശബ്ദം നോക്കിയും ഭാരവും വലിപ്പവും തമ്മിൽ താരതമ്യം ചെയ്തുമൊക്കെയാണ് ഏകദേശം ഉറപ്പിക്കുന്നത്. മുക്കുപണ്ട തട്ടിപ്പുകാർക്ക് നിലവിൽ കാര്യമായ ശിക്ഷയില്ല. ഇവർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ധനകാര്യ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കുന്ന തരത്തിൽ മണി ലെൻഡേഴ്സ് ആക്ടിൽ ഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ പലതവണ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. നിർമ്മാതാക്കളിലേക്ക് അന്വേഷണമില്ല.
മുക്കുപണ്ടം പണയം വയ്ക്കുന്നതിനിടയിൽ നിരവധിപ്പേർ പിടിയിലായിട്ടുണ്ടെങ്കിലും ഇവർക്ക് സ്വർണം പൊതിഞ്ഞ ആഭരണങ്ങളും വ്യാജ രേഖകളും നിർമ്മിച്ച് നൽകിയവരിലേക്ക് അന്വേഷണം പോയിട്ടില്ല
കഴിഞ്ഞ ഒരു വർഷത്തിനിടെ വെഞ്ഞാറമൂട്, പോത്തൻകോട് അറ്റിങ്ങൽ ധനകാര്യസ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വയ്ക്കാനുള്ള ശ്രമത്തിനിടെ അഞ്ചോളംപേർ പിടിയിലായി
ചിലയിടങ്ങളിൽ ജീവനക്കാർ സംശയം പ്രകടിപ്പിച്ചതോടെ തട്ടിപ്പുകാർ രക്ഷപ്പെട്ടു.ഒരിടത്ത് തട്ടിപ്പുകാരനെ കൈയോടെ പിടികൂടി പൊലീസിന് കൈമാറി
അത്യാവശ്യ ഘട്ടത്തിൽ സഹായം നൽകുന്ന സ്ഥാപനങ്ങളെ തകർക്കാനാണ് മുക്കുപണ്ടം പണയം വയ്ക്കാനെത്തുന്നവർ ശ്രമിക്കുന്നത്. കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടും പൊലീസിന് അനക്കമില്ല. ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കും.
ബിജു, പണയ സ്ഥാപന ഉടമ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |