
ദോഹ : റൈസിംഗ് സ്റ്റാർസ് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിലെ സൂപ്പർ ഓവറിൽ ബംഗ്ളാദേശിനോട് തോറ്റ ഇന്ത്യ എ ടീം ഫൈനൽ കാണാതെ പുറത്തായി. ദോഹയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് എയും രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ എയും നിശ്ചിത 20 ഓവറിൽ 194/6 എന്ന സ്കോറിൽ ടൈ ആയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർ ഓവറിൽ ആദ്യ രണ്ടുപന്തുകളിൽ ഇന്ത്യൻ ബാറ്റർമാർ റണ്ണൊന്നും എടുക്കാതെ പുറത്തായി.ബംഗ്ളാദേശിനും സൂപ്പർ ഓവറിലെ ആദ്യപന്തിൽ വിക്കറ്റ് നഷ്ടമായെങ്കിലും അടുത്ത പന്ത് വൈഡായതോടെ അവർ ജയിക്കുകയായിരുന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് എ ഹബിബുർ റഹ്മാൻ സോഹൻ (65),മെഹറോബ് (48) എന്നിവരുടെ മികവിലാണ് 194ലെത്തിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 15 പന്തുകളിൽ 38 റൺസ് നേടി വൈഭവ് സൂര്യവംശിയും 23 പന്തുകളിൽ 44 റൺസുമായി പ്രിയാംശ് ആര്യയും 23പന്തുകളിൽ 33 റൺസുമായി ക്യാപ്ടൻ ജിതേഷ് ശർമ്മയും തിളങ്ങിയെങ്കിലും തുല്യസ്കോറിലേ എത്താനായുളളൂ. സൂപ്പർ ഓവറിലെ ആദ്യ രണ്ട് പന്തുകളിലായി ജിതേഷ് ശർമ്മയേയും (0) അശുതോഷ് ശർമ്മയേയും (0) പുറത്താക്കിയ ബംഗ്ളാ ബൗളർ റിപ്പോൺ മൊണ്ഡാലാണ് പ്ളേയർ ഒഫ് ദ മാച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |