കൊല്ലം: വെളിയമെന്നാൽ വിപ്ളവത്തിന്റെ മറുപേരെന്നാണ് പറയാറുള്ളത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ള പ്രദേശം. എന്നാൽ ജില്ലാ പഞ്ചായത്തിന്റെ വെളിയം ഡിവിഷൻ വെളിയം മാത്രം ഉൾപ്പെടുന്ന പ്രദേശമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും കോൺഗ്രസിനും ബി.ജെ.പിക്കുമൊക്കെ ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളാണ് ഇപ്പോൾ ഡിവിഷന്റെ ഭാഗമായുള്ളത്.
പുതിയ അതിർത്തികൾ നിലവിൽ വന്നതോടെ സമീപ പഞ്ചായത്തുകളിലെ നിർണായക വോട്ടുബാങ്കുകൾകൂടി വെളിയം ഡിവിഷന്റെ ഭാഗമായത് മത്സരം കടുപ്പമേറിയ ത്രിശങ്കു പോരാട്ടമായി മാറ്റിയിരിക്കയാണ്. ഓരോ വോട്ടും നിർണായകമായ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ പ്രവചനാതീതം. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിലെ മുട്ടറ, ഓടനാവട്ടം, വെളിയം, മൈലോട്, വെട്ടിക്കവല ബ്ളോക്കിലെ ഉമ്മന്നൂർ, സദാനന്തപുരം ഡിവിഷനുകൾ ചേരുന്നതാണ് വെളിയം ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
കെ.എസ്.ഷിജുകുമാർ (എൽ.ഡി.എഫ്)
ഈ വർഷം ചെപ്ര എസ്.എ.ബി യു.പി സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകനാണ് വെളിയം വെസ്റ്റ് സുനിൽ വിഹാറിൽ കെ.എസ്.ഷിജുകുമാർ (56). എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയായിരുന്നു. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തനങ്ങളിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി അസി.സെക്രട്ടറിയാണ്. വെളിയം പടിഞ്ഞാറ്റിൻകര വാർഡിൽ നിന്ന് 2000ൽ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാര്യ: റോജ രവീന്ദ്രൻ (അദ്ധ്യാപിക).
എം.എസ്.പീറ്റർ (കോൺഗ്രസ്)
സാഹിത്യമേഖലകളിൽ സജീവമാണ് ഓടനാവട്ടം കട്ടയിൽ മാവിള വീട്ടിൽ എം.എസ്.പീറ്റർ (44). നോവലും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമബിരുദധാരിയായ ഇദ്ദേഹം കെ.പി.സി.സി സാംസ്കാരിക സാഹിതി നിയോജക മണ്ഡലം കൺവീനറാണ്. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാണ്. ഓടനാവട്ടം വാർഡിൽ നിന്ന് 2015ൽ ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാര്യ: ബിൻസി.
കെ.ആർ.രാധാകൃഷ്ണൻ (ബി.ജെ.പി)
ബി.ജെ.പി ജില്ലാ സെക്രട്ടറിയായ സദാനന്ദപുരം കാർത്തികേയത്തിൽ കെ.ആർ.രാധാകൃഷ്ണൻ (47) സദാനന്ദപുരം അവധൂതാശ്രമത്തിന്റെ പി.ആർ.ഒയാണ്. യുവമോർച്ച ജില്ലാ പ്രസിഡന്റായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കലയപുരം ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. പരിസ്ഥിതി, കാർഷിക മേഖലകളിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തിവരുന്നു. ഭാരതശബ്ദം മാസികയുടെ പത്രാധിപരാണ്. ഭാര്യ: സിന്ധു അമ്മ (അദ്ധ്യാപിക).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |