
ആലപ്പുഴ: വാഹനാപകടത്തിൽ സാരമായി പരിക്കറ്റതിനെത്തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വരണമാല്യമണിഞ്ഞ ആവണിക്ക് ചികിത്സ സൗജന്യം. വിവാഹ സമ്മാനമാണിതെന്ന് എറണാകുളം ലേക്‌ഷോർ ആശുപത്രി ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ആവണിക്ക് ഇന്നലെ നട്ടെല്ലിൽ സങ്കീർണ ശസ്ത്രക്രിയ നടത്തി. ഇതുൾപ്പെടെ സൗജന്യമാണ്. വിവാഹ ദിവസമായ വെള്ളിയാഴ്ച പുലർച്ചെ ആലപ്പുഴയിൽ നിന്ന് ബ്രൈഡൽ മേക്കപ്പിന് കുമരകത്തേക്ക് പോകവേ കാർ മരത്തിലിടിക്കുകയായിരുന്നു. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രിക്കിടക്കിയിൽ വച്ച് വരൻ ഷാരോൺ പ്രിയതമയ്ക്ക് താലികെട്ടി. ആശുപത്രി എം.ഡി എസ്.കെ.അബ്ദുള്ളയാണ് ആവണിയുടെ കുടുംബത്തോട് ചികിത്സ സൗജന്യമായി നൽകുമെന്നറിയിച്ചത്. മഹാമനസ്കതയ്ക്ക് കുടുംബം നന്ദി പറഞ്ഞു.
ഇടുപ്പെല്ലിനും നട്ടെല്ലിനും ശസ്ത്രക്രിയ
ആവണിയുടെ സ്‌പൈൻ ശസ്ത്രക്രിയ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുദീഷ് കരുണാകരന്റെ നേതൃത്വത്തിലാണ് നടത്തിയത്. ഇന്നലെ രാവിലെ 9.35ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് അവസാനിച്ചത്. ഇടുപ്പെല്ലിനും നട്ടെല്ലിന്റെ പ്രധാനഭാഗമായ എൽ 4 ഭാഗത്തുമാണ് ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാറുൾപ്പെടെ സങ്കീർണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. ന്യൂറോ സർജറി, എമർജൻസി, അനസ്‌തേഷ്യ, കാർഡിയോ തൊറാസിക് വിഭാഗങ്ങളിലെ വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ആവണി ന്യൂറോ ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. ഒടിവേറ്റ കൈയ്ക്ക് നേരത്തേ പ്ളാസ്റ്ററിട്ടിരുന്നു.
ആവണി ചോദിച്ചു, എന്ന്
എഴുന്നേറ്റ് നടക്കാനാകും
ശസ്ത്രക്രിയയ്ക്കു ശേഷം ആവണിയെ ഷാരോൺ കണ്ടു സംസാരിച്ചു. എത്രദിവസം ആശുപത്രിയിൽ കിടക്കണം, എന്ന് എഴുന്നേറ്റ് നടക്കാൻ പറ്റുമെന്ന് ഡോക്ടർ പറഞ്ഞു എന്നീ കാര്യങ്ങളാണ് ആവണി ഷാരോണിനോട് ചോദിച്ചത്. എല്ലാം വേഗം ഭേദമാകുമെന്ന് ഷാരോൺ ആശ്വസിപ്പിച്ചു.
ഈ അവസ്ഥയിലും നിശ്ചയിച്ചതുപോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണ്
- ഡോ. ഷംഷീർ വയലിൽ,
ലേക്‌ഷോർ ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |