
തൊടുപുഴ: കേരളത്തിന്റെ പവർബാങ്ക് ആകേണ്ട ഇടുക്കി രണ്ടാം വൈദ്യുതി നിലയത്തിന് പവർകട്ടിട്ട് കെ.എസ്.ഇ.ബി. സംസ്ഥാനം നേരിടുന്ന ഊർജ്ജക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയാണ് മൂന്ന് വർഷമായിട്ടും ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി 2022 ജൂണിൽ ലഭിച്ചെങ്കിലും ഡി.പി.ആർ തയ്യാറാക്കേണ്ട കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിന്റെ റിപ്പോർട്ട് ഇതുവരെയായിട്ടില്ല. പദ്ധതി ആരംഭിക്കാൻ ഇനിയും പന്ത്രണ്ടോളം അനുമതികൾ കൂടി വേണം.
പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചാൽ നാല് മുതൽ അഞ്ച് വർഷമാണ് പൂർത്തിയാക്കാൻ എടുക്കുന്നത്. നാല് കിലോമീറ്റർ ദൂരത്തിൽ ടണൽ നിർമ്മിക്കുന്നതിന് മൂന്ന് വർഷമെടുക്കും. മൂലമറ്റത്താണ് പുതിയ ഭൂഗർഭ നിലയവും സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നത്. കുളമാവ് ഡാമിൽ നിന്ന് ഇൻടേക്ക് സ്ഥാപിച്ച് അവിടെ നിന്ന് ടണിലൂടെയും പിന്നീട് പെൻസ്റ്റോക്കിലൂടെ പുതിയ പവർഹൗസിലേക്ക് വെള്ളമെത്തിക്കും. ഉത്പാദന ശേഷം വെള്ളം മലങ്കര ജലാശയത്തിലൂടെ മൂവാറ്റുപുഴയിലേക്ക് ഒഴുക്കും. പദ്ധതിക്ക് 2,670 കോടിയാണ് ചെലവ്. 12 വർഷം കൊണ്ട് ഇത് തിരിച്ചുപിടാക്കാനാവും (പ്രതിദിനം അഞ്ച് കോടി ലാഭം). അതേസമയം,പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി മാറും.
ഊർജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം
നിലവിൽ പവർഹൗസിൽ 40 വർഷം പഴക്കമുള്ള ജനറേറ്ററുകൾ തകരാറിലാകുന്നത് നിത്യസംഭവമാണ്. ഇപ്പോൾ പവർഹൗസ് ഒരു മാസത്തേക്ക് അടച്ച് വൈദ്യുതി ഉത്പാദനം പൂർണമായും നിറുത്തിയിരിക്കുകയാണ്. ഈ പഴക്കം ചെന്ന ജനറേറ്ററുകളെ ആശ്രയിച്ചാൽ കേരളം വൈദ്യുതി ക്ഷാമത്തിലേക്ക് പോകുമെന്നതിനാലാണ് പുതിയ പവർഹൗസ് എന്ന ആശയത്തിലെത്തിയത്. നിലവിലെ പവർഹൗസിന് എന്തെങ്കിലും സംഭവിച്ചാലും 780 മെഗാവാട്ടിൽ കുറയാതെ വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പവർഹൗസിനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |