
പൗൾട്രിഫാം മാലിന്യം റോഡിൽ
ആറ്റിങ്ങൽ: തെരുവ് നായ്ക്കളെ പുനരധിവസിപ്പിച്ച് സംരക്ഷിക്കാൻ ആറ്റിങ്ങൽ കേന്ദ്രീകരിച്ച് ഷെൽട്ടർ സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ്റിങ്ങൽ മേഖലയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് നിരവധി പേർക്കാണ്.
വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസുള്ളത് നഗരസഭയിൽ 480 എണ്ണത്തിന് മാത്രം. ഘട്ടംഘട്ടമായി തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയും പാഴ് വാക്കായി. സ്കൂൾ,ഓഫീസ്,ബസ് സ്റ്റാന്റുകൾ,കാത്തിരിപ്പ് കേന്ദ്രം, ഇടറോഡുകൾ തുടങ്ങി ആൾസഞ്ചാരമുള്ളയിടങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. മിക്കയിടങ്ങളിലും പൗൾട്രി ഫാമുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും തള്ളുന്ന മാലിന്യമാണ് തെരുവ് നായ്ക്കളുടെ ഭക്ഷണം.
പൗൾട്രി ഫാമുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് ചിലർ തെരുവ് നായ്ക്കൾക്ക് കൊടുക്കുന്നതായും പരാതിയുണ്ട്.തെരുവ് നായ്ക്കളുടെ ശല്യം ദിനംപ്രതിയേറിയിട്ടും ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്കായിട്ടില്ല. നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്ന് തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ ഒരു പദ്ധതി ആലോചിച്ചെങ്കിലും അതും പ്രാവർത്തികമായില്ല. വളർത്ത് നായ്ക്കളുടെ ലൈസൻസ് നിർബന്ധമാക്കുകയും, ഫീയിനത്തിൽ കിട്ടുന്ന തുക വിനിയോഗിച്ചാൽ ഈ പദ്ധതി നടപ്പിലാക്കാമെന്നാണ് വിലയിരുത്തൽ. തെരുവ് നായ ശല്യം പരിഹരിക്കാൻ ശാശ്വത നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗരസഭ വളർത്ത് നായ്ക്കൾക്കുള്ള
ലൈസൻസ് ഫീസ് - 270 രൂപ
നിലവിൽ നഗരസഭയിലെ 32 വാർഡുകളിലുമായി ലൈസൻസ് ഉള്ളവയടക്കം 3000 ലധികം നായ്ക്കളുണ്ടെന്നാണ് വിലയിരുത്തൽ.
ഫൗൾട്രി ഫാമിൽ നിന്ന് റോഡിൽ തള്ളുന്ന മാലിന്യമാണ് ഭൂരിഭാഗം ഇടങ്ങളിലും തെരുവ് നായ്ക്കളുടെ ഭക്ഷണം
ആറ്റിങ്ങൽ നഗരസഭാതിർത്തിയിൽ ഇരുപതിലധികം പൗൾട്രി ഫാമുകളുണ്ടങ്കിലും ഒന്നിനുപോലും ലൈസൻസില്ലെന്നാണ് ആക്ഷേപം.
പൊലൂഷൻ കൺട്രോളിന്റെ ലൈസൻസാണ് ഇല്ലാത്തത്.പൗൾട്രി ഫാമുകളിൽ ഒരിടത്തും മാലിന്യ സംസ്കരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മൃഗാശുപത്രി വഴി തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പദ്ധതികൾ പാതിവഴിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |