വിതുര: മലയോരമേഖലയിൽ വീണ്ടും പകർച്ചപനി വ്യാപിക്കുന്നു. കടുത്ത പനി,ചുമ,ജലദോഷം,തുമ്മൽ, ശ്വാസതടസം,ശരീരവേദന എന്നിവയാണ് പടർന്നുപിടിക്കുന്നത്. വിതുര ഗവ.താലൂക്കാശുപത്രി, തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ഉയരുകയാണ്. ഇവിടെ കിടത്തി ചികിത്സിക്കുവാനാകാതെ അനവധി പേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും, നെടുമങ്ങാട് ജില്ലാആശുപത്രിയിലേക്കും റഫർ ചെയ്തിട്ടുണ്ട്. ആദിവാസി, തോട്ടം മേഖലകളിലും പനി വ്യാപിച്ചിട്ടുണ്ട്. ഇവിടെ മെഡിക്കൽ ക്യാമ്പുകളും മരുന്നുവിതരണവും നടത്തണമെന്ന ആവശ്യം ഉയരുകയാണ്.
കുട്ടികൾക്കിടയിലും
കുട്ടികൾക്കിടയിലും പകർച്ച പനി വ്യാപിച്ചിട്ടുണ്ട്. ഇതോടെ സ്കൂളുകളിൽ ഹാജർനിലയും കുറഞ്ഞു.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇതുവരെ ഇൻപേഷ്യന്റ് വിഭാഗം ആരംഭിച്ചിട്ടില്ല.
വിതുര ആശുപത്രിക്കും രോഗം
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി പ്രവർത്തിച്ചിരുന്ന ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയതോടെയാണ് താളം തെറ്റിത്തുടങ്ങിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് താലൂക്കാശുപത്രിയായി ഉയർത്തിയത്. പത്ത് വർഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയുമില്ല. വിതുര,തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല,ആര്യനാട് പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ചികിത്സ തേടിയെത്തുന്നത്. പ്രവർത്തിച്ചിരുന്ന പ്രസവവാർഡും വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത ആശുപത്രിയിൽ നിലവിൽ വേണ്ടത്ര ഡോക്ടർമാരും സ്റ്റാഫുകളുമില്ല. ജില്ലാപഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച പുതിയമന്ദിരവും അടഞ്ഞുകിടക്കുകയാണ്.
ഡയാലിസിസ് യൂണിറ്റ് അടഞ്ഞുതന്നെ
മുൻപ് വിതുര ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതി ഉയർന്നപ്പോൾ 2022ൽ താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി വീണാജോർജ് ഡയാലിസിസ് യൂണിറ്റ് സന്ദർശിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് 2വർഷങ്ങൾക്ക് ശേഷമായിരുന്നു മന്ത്രിക്ക് കാണാനായി കെട്ടിടം തുറന്നത്.ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം നൽകിയാണ് അന്ന് മന്ത്രി മടങ്ങിയത്. ഡയാലിസിസ് യൂണിറ്റ് കഴിഞ്ഞ വർഷം നവംബറിൽ ഉദ്ഘാടനം നടത്തുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. ഒരുവർഷമായിട്ടും അനക്കമില്ല. ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |