കോഴിക്കോട്: ആരൊക്കെയാണ് മത്സരരംഗത്തെന്ന് ഇന്നറിയാം. ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയിലേക്ക് ആരൊക്കെ മത്സരിക്കുമെന്ന് പത്രിക പിൻവലിക്കലോടെ വ്യക്തമാവും. യഥാർത്ഥ സ്ഥാനാർത്ഥികളോ, ഡമ്മികളോ ആരാവും സ്ഥാനാർത്ഥികളെന്ന് തീരുമാനിക്കുന്നത് ഇന്നാണ്. അവസാനചിത്രം തെളിയുന്നതോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാവും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ കോഴിക്കോട്ട് 118 പത്രികകൾ വിവിധ കാരണങ്ങളാൽ തള്ളി. നിലവിൽ 4607 പുരുഷന്മാരും 5154 സ്ത്രീകളും ഉൾപ്പെടെ 9761 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. അവസാനം സർക്കാർ പുറത്തുവിട്ട കണക്ക് ഇങ്ങനെയാണെങ്കിലും പതിനായിരത്തിന് മുകളിലാണ് സ്ഥാനാർത്ഥികളുടെ എണ്ണം. ഡമ്മികൾ പിൻവലിക്കുന്നതോടെ അത് പകുതിയോളം കുറയും.
ആകെ സമർപ്പിക്കപ്പെട്ട 14255 പത്രികകളിൽ 65 പുരുഷൻമാരുടെയും 53 സ്ത്രീകളുടെയും പത്രികകളാണ് ഇതുവരെ തള്ളിയത്.
കോഴിക്കോട് കോർപ്പറേഷനിൽ 6, ജില്ലാ പഞ്ചായത്തിൽ 3, കൊടുവള്ളി, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിൽ 7, വിവിധ ഗ്രാമപഞ്ചായത്തുകളിൽ 102 എന്നിങ്ങനെയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയ പത്രികകളുടെ കണക്ക്.
@ പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും
അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ ആരംഭിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിർവചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പൊലീസ് മേധാവികൾ, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവർ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |