
കൊച്ചി: അന്തർസംസ്ഥാന വാഹനമോഷ്ടാക്കളെ കാസർകോട്,മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് പിടികൂടി പനങ്ങാട് എസ്.എച്ച്.ഒ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം. കാസർകോട് ചെറുവത്തൂർ കോരപ്പറമ്പ് സ്വദേശി കെ.പി. സിദ്ദിഖ് (48),കാസർകോട് ബേക്കൂർ കുബനൂർ ദർജാൽവീട്ടിൽ കെ.പി. അബൂബക്കർ സിദ്ദിഖ് (41),കണ്ണൂർ മാടായി കിനാക്കുൾവീട്ടിൽ ഷാജിദ് (സോഡാ ബാബു 47) എന്നിവരാണ് പിടിയിലായത്.
2023ൽ നെട്ടൂർ സ്വദേശിയുടെ മാരുതി സ്വിഫ്റ്റ് കാർ മോഷണം പോയതുമായി ബന്ധപ്പെട്ട് മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. കേരളത്തിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോകുന്ന കാറുകൾ മേട്ടുപ്പാളയത്ത് കൊണ്ടുപോയി പൊളിച്ചു വിൽക്കുന്നതാണ് ഇവരുടെ രീതി. മോഷണത്തിന് പുറമേ ചന്ദനക്കടത്ത്,ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലും പ്രതികളാണിവർ. അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവിലായിരുന്ന ഒന്നാംപ്രതി കെ.പി. സിദ്ദിഖിനെ പിടികൂടിയത്. പിന്നാലെ കൂട്ടുപ്രതികളേയും പിടികൂടുകയായിരുന്നു.
അതേസമയം,സ്വിഫ്റ്റ് കാർ ആദ്യം കാസർകോട് എത്തിച്ച് മൂന്നാംപ്രതിയുമായി ചേർന്ന് ഒന്നര ലക്ഷം രൂപയ്ക്ക് സിദ്ദിഖ് പൊളിച്ചുവിറ്റുവെന്നും വാഹനം വിറ്റ കേന്ദ്രത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചെന്നും എസ്.എച്ച്.ഒ പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ എം.എം. മുനീർ,എ.എസ്.ഐ വി.ആർ. രാജീവ്,സി.പി.ഒമാരായ അരുൺരാജ്, എം. ശ്രീജിത്ത്, ടി.ആർ. അനീഷ്,കെ.എസ്. സുനിൽകുമാർ,പി.എസ്. സുജിത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |