കൊല്ലം: പെരുംകുളത്തെ വോട്ടർമാർക്ക് അഖിലയുടെ പാട്ടിഷ്ടമാണ്, ആ ഇഷ്ടമാണ് കഴിഞ്ഞ തവണ പാട്ടുകാരിയെ വാർഡ് മെമ്പറുമാക്കിയത്. ആ സ്നേഹബന്ധത്തിന്റെ ഈണങ്ങൾ മനസിലിട്ടുകൊണ്ടാണ് അഖില മോഹൻ (31) ഇക്കുറി കളംമാറ്റി ചവിട്ടിയിരിക്കുന്നത്.
കുളക്കട ഗ്രാമപഞ്ചായത്തിലെ ആറ്റുവാശേരി 20ാം വാർഡിലാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി അഖില ഇപ്പോൾ പാട്ടുപാടി വോട്ടുതേടി ഇറങ്ങിയിരിക്കുന്നത്. വാർദ്ധക്യകാല പെൻഷൻ അപേക്ഷയുമായി വരുന്നവരും മെമ്പറോട് 'ഒന്ന് പാടാമോ?' എന്ന് ആവശ്യപ്പെട്ടിരുന്ന പെരുംകുളത്തെ കാഴ്ചകൾ ഇന്നും ജനങ്ങളുടെ മനസിലുണ്ട്. അത്രത്തോളം പാട്ടിന്റെ മാധുര്യംകൊണ്ട് ജനങ്ങളെ ചേർത്തുപിടിച്ച വാനമ്പാടിക്ക് രാഷ്ട്രീയം ജനസേവനത്തിനുള്ള മറ്റൊരു വേദിയാണ്.
കെമിസ്ട്രിയിൽ ബിരുദവും ബി.എഡും പാസായ ശേഷമാണ് ജനപ്രതിനിധിയായത്. പ്രൊഫഷണൽ ഗാനമേള ട്രൂപ്പിലെ അംഗമായിരുന്നു. നാടൻപാട്ടുകളും പാടും. പുസ്തക വായനയിൽ വലിയ കമ്പമുള്ള അഖിലയുടെ പെരുംകുളം ഗ്രാമം സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമെന്ന ഖ്യാതി നേടിയെടുത്തും അഖില മോഹൻ വാർഡ് ജനപ്രതിനിധിയായ കാലയളവിലാണ്. മേസ്തിരിപ്പണിക്കാരനായ കലയപുരം എം.കെ ഭവനിൽ കെ.മോഹനന്റെയും കശുഅണ്ടി തൊഴിലാളിയായ ബീനയുടെയും മകളായ അഖില അവിവാഹിതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |