
അബുജ: വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ സ്കൂളിൽ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ 315 കുട്ടികളിൽ 50 പേർ രക്ഷപ്പെട്ട് വീടുകളിലെത്തി. 265 കുട്ടികളെ പറ്റി വിവരമില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് കാത്തലിക് സ്കൂളിൽ നിന്ന് കുട്ടികളെയും 12 അദ്ധ്യാപകരെയും തട്ടിക്കൊണ്ടുപോയത്.
ഇവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. അതേ സമയം, വീടുകളിൽ തിരിച്ചെത്തിയ 50 കുട്ടികൾ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സമയങ്ങളിലായി രക്ഷപ്പെട്ടവരാണെന്ന് അധികൃതർ വ്യക്തമാക്കി. അക്രമികൾ തങ്ങളെ കാൽനടയായി ഒളിസങ്കേതത്തിലേക്ക് മാറ്റുന്നതിനിടെയാണ് രക്ഷപ്പെട്ടതെന്ന് ചില കുട്ടികൾ പറയുന്നു. ചില കുട്ടികളെ വന പ്രദേശത്ത് നിന്നും മറ്റും കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നൈജറിലെ എല്ലാ സ്കൂളുകളും അടച്ചിരിക്കുകയാണ്.
# തട്ടിക്കൊണ്ടുപോകൽ പതിവ്
രാജ്യത്ത് ക്രിമിനൽ സംഘങ്ങൾ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടികളെ അടക്കം തട്ടിക്കൊണ്ടുപോകുന്നത് പതിവ്
ഭീകര ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്ക് പുറമേയാണിത്. കവർച്ചയും വ്യാപകം
17ന് കെബി സംസ്ഥാനത്തെ ഒരു സ്കൂളിൽ അതിക്രമിച്ചു കടന്ന അക്രമികൾ വൈസ് പ്രിൻസിപ്പലിനെ വെടിവച്ചു കൊന്ന ശേഷം 25 കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിൽ 2 കുട്ടികൾ രക്ഷപ്പെട്ടു
കഴിഞ്ഞ ആഴ്ച ക്വാര സംസ്ഥാനത്തെ പള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 38 പേരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചു
2014 മുതൽ 1,400ലേറെ വിദ്യാർത്ഥികളെ സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയെന്നാണ് കണക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |