
മുണ്ടൂർ:വഴിയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധയെ ആഭരണത്തിനായി മകൾ കൊലപ്പെടുത്തിയതെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് മകളും ആൺസുഹൃത്തും പൊലീസ് പിടിയിൽ.മുണ്ടൂർ ശങ്കരംകണ്ടം അയിനിക്കുന്നത്ത് വീട്ടിൽ സന്ധ്യ (45), അയൽവാസിയായ ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരാണ് അറസ്റ്റിലായത്.ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മുണ്ടൂർ ശങ്കരംകണ്ടം അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണിയെ (75) വഴിയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോട്ടൽ ജീവനക്കാരനായ ഭർത്താവിനും മകനും മാതാവിനും ഒപ്പമാണ് സന്ധ്യ താമസിച്ചിരുന്നത്.ഭർത്താവും മകനും ജോലിയാവശ്യത്തിന് പോയാൽ രാത്രി വൈകിയേ വീട്ടിലെത്തൂ.ശനിയാഴ്ച വൈകിട്ട് നാലരയോടെ ആൺസുഹൃത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി സന്ധ്യ തങ്കമണിയുടെ മാല കവരാൻ ശ്രമിച്ചു.ഇത് ചെറുത്തതോടെ മാല വലിച്ചു പൊട്ടിക്കുന്നതിനിടെ സന്ധ്യ തങ്കമണിയെ കഴുത്തിൽ പിടിച്ച് തള്ളുകയായിരുന്നു.ഈ വീഴ്ചയിലായിരുന്നു മരണം.പിന്നാലെ ആൺസുഹൃത്തിനെ വിവരം അറിയിച്ചു.
കൃത്യത്തിന് ശേഷം സന്ധ്യ പതിവുപോലെ സമീപത്തെ ജിമ്മിൽ പോയി.തിരിച്ചെത്തി രാത്രി നിതിന്റെ സഹായത്തോടെ,മൃതദേഹം വീടിന് സമീപത്തെ ഇടവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.മുഖത്ത് ചെറിയ മുറിപ്പാടുകൾ കണ്ടെത്തിയെങ്കിലും വീഴ്ചയിൽ സംഭവിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ സ്വർണമാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടതോടെയാണ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്.കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിയുകയായിരുന്നു.പ്രതികൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |