
ന്യൂഡൽഹി: ലോകത്തെ ലക്ഷക്കണക്കിന് ഭക്തരെ സാക്ഷിയാക്കി അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ധ്വജാരോഹണം. മന്ത്രോച്ചാരണങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ചേർന്ന് കൊടി ഉയർത്തി. രാവിലെ 11.52ന് ആരംഭിച്ച് 11.56ഓടെ നാലു മിനിട്ട് കൊണ്ട് ധ്വജാരോഹണം പൂർത്തിയാക്കി.
ഓം അടയാളപ്പെടുത്തിയ, പ്രകാശം പരത്തുന്ന സൂര്യനെയും, കോവിദാര വൃക്ഷത്തിന്റെ (ബട്ടർഫ്ലൈ ട്രീ) ചിത്രവും വരച്ചു ചേർത്ത കാവിക്കൊടി 191 അടി ഉയരമുള്ള ഗോപുരത്തിൽ പാറിയപ്പോൾ ആയിരക്കണക്കിന് കണ്ഠങ്ങളിൽ നിന്ന് ഒരേ സമയം 'ജയ് ശ്രീറാം' വിളി മുഴങ്ങി. 21 വേദ പണ്ഡിതരുടെ സൂക്തങ്ങൾ മുഹൂർത്തത്തെ ഭക്തിസാന്ദ്രമാക്കി. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. രാവിലെ 10 മണിയോടെ രാമക്ഷേത്ര മേഖലയിലെത്തിയ മോദി, നിർമ്മാണം പൂർത്തിയായ സപ്‌ത മന്ദിരങ്ങൾ (ഏഴ് ഉപദേവതാ ക്ഷേത്രങ്ങൾ) ആദ്യം സന്ദർശിച്ചു. മഹർഷിമാരായ വസിഷ്‌ഠൻ, വിശ്വാമിത്രൻ, അഗസ്‌ത്യൻ, വാൽമീകി, ദേവി അഹല്യ, നിഷാദ് രാജ് ഗുഹ, മാതാ ശബരി എന്നീ ഉപദേവതാ ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ചു. ശേഷാവ്താർ മന്ദിറിലും, മാതാ അന്നപൂർണ ക്ഷേത്രത്തിലും, രാമ ദർബാർ ഗർഭഗൃഹത്തിലുമെത്തി പൂജയിൽ പങ്കെടുത്തു. ശ്രീരാമ സന്നിധിയിലെത്തി ശ്രീകോവിലിനുള്ളിൽ പ്രാർത്ഥിച്ചു. ക്ഷേത്ര നിർമ്മാണം പൂർത്തിയായതിന്റെ അടയാളമായ ധ്വജാരോഹണച്ചടങ്ങ് നടന്നതോടെ, ഇന്ന് രാവിലെ 7 മുതൽ ക്ഷേത്രം മുഴുവനായി ഭക്തർക്ക് തുറന്നു കൊടുക്കും.
വികാരഭരിതം അനുഭവം
വികാരഭരിതവും അതുല്യവും ദിവ്യവുമായ അനുഭവമെന്ന്, ധ്വജാരോഹണത്തിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്ത മോദി പറഞ്ഞു. അയോദ്ധ്യയിൽ ചരിത്രം പിറന്നു. സത്യം ആത്യന്തികമായി അസത്യത്തിനു മേൽ വിജയം നേടുമെന്നതിന്റെ സാക്ഷ്യമാണ് ധ്വജം. നൂറ്രാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഉണങ്ങിത്തുടങ്ങി. 500 വർഷമായി കാത്തുസൂക്ഷിച്ച ലക്ഷ്യം പൂർണതയിലെത്തി. രാമൻ വ്യക്തിയല്ല മൂല്യബോധവും, അച്ചടക്കവും, ദിശയുമാണ്. രാമരാജ്യ ദർശനമാണ് ഇന്ത്യയുടെ ഭാവിയെ നയിക്കേണ്ടത്. രാമക്ഷേത്രത്തിലെ ധ്വജം വികസിത ഇന്ത്യയിലേക്കുള്ള രാജ്യത്തിന്റെ യാത്രയ്‌ക്ക് അടിത്തറയാകും. നയത്തിന്റെയും നീതിയുടെയും പ്രതീകമാണിത്. ശ്രീരാമൻ കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിക്കാൻ കൂടുതൽ പ്രചോദനമാണെന്നും മോദി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |