
തിരുവനന്തപുര: കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത നാല് പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. തൊഴിൽ മേഖലയിൽ പരിഷ്‌കാരങ്ങൾ അനിവാര്യമാണെങ്കിലും നിലവിലെ തൊഴിൽ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെയും ക്ഷേമത്തെയും സാമൂഹിക നീതി എന്ന അടിസ്ഥാന തത്വത്തെയും അട്ടിമറിക്കുന്നതാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യക്ക് അയച്ച കത്തിൽ മന്ത്രി വി.ശിവൻകുട്ടി പറയുന്നു.
നിലവിലെ രൂപത്തിൽ തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ അടിയന്തരമായി പിന്മാറണം. സംസ്ഥാന സർക്കാരുകളെയും തൊഴിലാളി സംഘടനകളെയും ബന്ധപ്പെട്ട മറ്റ് കക്ഷികളെയും ഉൾപ്പെടുത്തി സുതാര്യവും വിശാലവുമായ ചർച്ചകൾക്ക് തുടക്കമിടണം. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിച്ച് മാത്രമേ പുതിയ നിയമങ്ങൾ നടപ്പിലാക്കാവൂ എന്നും കത്തിൽ ആവശ്യപ്പെട്ടു.
ലേബർ കോഡ് പിൻവലിക്കണമെന്ന ആവശ്യവുമായി മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ കേന്ദ്ര തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘം വൈകാതെ കേന്ദ്ര മന്ത്രിയെ കാണും. ലേബർ കോഡുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് ലേബർ കോൺക്ലേവ് നടത്താനും തൊഴിൽ വകുപ്പ് നടപടി തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |