
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി കാക്കനാട് മേഖലയിലെ ഒഴിഞ്ഞ പറമ്പിൽ 2000 രൂപയുടെ നോട്ടുകൾ കണ്ടെത്തിയത് നാട്ടുകാരെ ഞെട്ടിച്ചു. നിരോധിച്ച 2000 രൂപയുടെ നോട്ടിനോട് സാമ്യമുള്ള 50 കെട്ടുകളാണ് നാട്ടുകാർക്ക് ലഭിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയ പരിശോധിച്ചപ്പോഴാണ് സിനിമാ ഷൂട്ടിംഗ് സംഘം ഉപേക്ഷിച്ച ഡമ്മി നോട്ടുകളാണെന്ന് മനസിലായത്. പടമുകൾ പാലച്ചുവടിലെ ഒഴിഞ്ഞ പറമ്പിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഓരോ കെട്ടിലും 100 എണ്ണം വീതമുണ്ട്.
പ്രദേശവാസികളാണ് നോട്ടുകെട്ടുകൾ ആദ്യമായി കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൃക്കാക്കര, കൺട്രോൾ റൂം എന്നിവിടങ്ങളിൽ നിന്നും പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച് ഡമ്മിയാണെന്ന് ഉറപ്പാക്കുകയായിരുന്നു. സ്ഥലത്ത് സിനിമ ലൊക്കേഷനിൽ ജോലി ചെയ്യുന്നവർ താമസിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ സിനിമ കമ്പനി ഓഫിസ് ഇവിടെ നിന്ന് മാറ്റിയിരുന്നു. ഇവർ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |