
കായംകുളം: പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവ അഭിഭാഷകനെ കോടതി റിമാൻഡ് ചെയ്തു. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജനെ (63) കൊലപ്പെടുത്തിയ കേസിൽ മകൻ നവജിത്തിനെയാണ് (30) ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്. വെട്ടേറ്റ മാതാവ് സിന്ധു (48) ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയം നവജിത്ത് ലഹരിയിലായിരുന്നെന്നും ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാണമെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 8.30ഓടെയാണ് വാക്കുതർക്കത്തെ തുടന്ന് നവജിത്ത് സ്റ്റെയർകേസിന് അടിയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് നടരാജന്റെ
തലയ്ക്ക് തുരുതുരെ വെട്ടിയത്. നടരാജന്റെ വിരലുകളും അറ്റുവീണു. തടയാൻ ശ്രമിച്ച സിന്ധുവിനും മാരകമായി വെട്ടേറ്റു. വലിയ ഇരുനില വീട്ടിൽ നിന്ന് അലർച്ച കേട്ട് അയൽവാസികളും നാട്ടുകാരും എത്തിയപ്പോൾ ഡൈനിംഗ് ഹാളിൽ രക്തത്തിൽ കുളിച്ചുകിടന്ന നടരാജനെയും സിന്ധുവിനെയുമാണ് കണ്ടത്. ആംബുലൻസ് എത്തിയപ്പോഴേക്കും നടരാജൻ മരിച്ചിരുന്നു. വെട്ടുകത്തിയുമായി മുകൾനിലയിലെ ബാൽക്കണിയിൽ അക്രമാസക്തനായി നിന്ന നവജിത്തിനെ പൊലീസെത്തി കയറും തുണിയും കൊണ്ട് വരിഞ്ഞുകെട്ടിയാണ് കീഴ്പ്പെടുത്തിയത്.
മാവേലിക്കര കോടതിയിലെ അഭിഭാഷകനായ നവജിത്തിന്റെ ഭാര്യ നവ്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇളയ സഹോദരൻ നിധിൻരാജും സഹോദരി നിധിമോളും ആയുർവേദ ഡോക്ടർമാരാണ്. സംഭവം നടക്കുമ്പോൾ ഇരുവരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. നടരാജന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |