
കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ച ദേവസ്വം ബോർഡ് യോഗത്തിന്റെ അജണ്ട തിരുത്തിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ജാമ്യഹർജിയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ നിഷേധിച്ചു . കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
ഉദ്യോഗസ്ഥർ തയ്യാറാക്കിയ അജണ്ട അതേപടിയാണ് പരിഗണിച്ചതെന്ന് ഹർജിയിൽ പറയുന്നു.
കട്ടിളപ്പാളി സ്വർണം പൂശാൻ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചത് 2019 മാർച്ചിൽ ചേർന്ന ദേവസ്വം ബോർഡ് യോഗമാണ്.
തീരുമാനങ്ങളുടെ ഉത്തരവാദിത്തം പ്രസിഡന്റിന് മാത്രമല്ല. രണ്ട് അംഗങ്ങൾ കൂടി ഉൾപ്പെട്ട ബോർഡിൽ പ്രസിഡന്റായിരുന്ന തനിക്ക് മാത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ല. കൂട്ടുത്തരവാദിത്തമാണ്. ദൈനംദിനം കാര്യങ്ങൾ നോക്കുന്നത് ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥർ തയ്യാറാക്കിയതാണ് കട്ടിളപ്പാളി സംബന്ധിച്ച അജണ്ട.
അതേസമയം, അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പ്രകാരം
ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു തയ്യാറാക്കിയ അജണ്ടയിൽ സ്വർണത്തിന്റെ അളവ് കുറച്ചുകാണിക്കാനായി സ്വർണം പതിച്ചത് എന്നതിന് പകരം സ്വർണം പൂശിയത് എന്ന് രേഖപ്പെടുത്തി. യോഗത്തിന് മുമ്പ് അജണ്ട പത്മകുമാറിന്റെ മുൻപാകെ എത്തിയപ്പോൾ സ്വർണം പൂശിയ ചെമ്പുപാളികൾ എന്നിടത്ത് ’ചെമ്പുപാളികൾ’ എന്ന് സ്വന്തം കൈപ്പടയിൽ തിരുത്തി .
ഉണ്ണികൃഷ്ണൻ പോറ്റിയുമായി സൗഹൃദം ഇല്ലെന്നും ഹർജിയിൽ പറയുന്നു. 2009 മുതൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലുണ്ട്. 2017 മുതൽ രണ്ട് വർഷക്കാലം മാത്രമാണ് താൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നത്. പോറ്റിയെ കണ്ടിട്ടുണ്ടാകുമെന്നല്ലാതെ യാതൊരു സൗഹൃദവുമില്ല. പോറ്റിയുമായി സാമ്പത്തിക ഇടപാടുമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിരവധി മഹാക്ഷേത്രങ്ങളുണ്ട്. ഏതെങ്കിലും ഒരു ക്ഷേത്രത്തിന്റെ കാര്യം സൂക്ഷ്മമായി പ്രസിഡന്റിന് ശ്രദ്ധിക്കാനാകില്ല. വർഷങ്ങളായി ഹൃദ്രോഗിയാണ്. റിമാൻഡിൽ കഴിയുന്നത് ചികിത്സയെ ബാധിക്കും. നിരപരാധിയാണെന്നും ഹർജിയിൽ പറയുന്നു.
മാങ്കൂട്ടത്തിൽ കടുത്തു,
ശബരിമല തണുത്തു
ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിന് പുതിയ ട്വിസ്റ്റുകൾ വന്നതോടെ ശബരിമല സ്വർണക്കൊള്ള വിവാദം തണുത്ത നിലയിലായി. ശബരിമല വിഷയത്തിൽ അഞ്ചുപേരുടെ അറസ്റ്റും കടന്ന് അന്വേഷണത്തിന്റെ കുന്തമുന ആരിലേക്ക് എത്തുമെന്ന് ആശങ്കപ്പെട്ടിരുന്ന ഘട്ടത്തിലാണ് മാങ്കൂട്ടത്തിൽ വിഷയം വീണ്ടും ആളിക്കത്തിയത്. ഇത് എൽ.ഡി.എഫിന് ആശ്വാസം നൽകുമ്പോൾ യു.ഡി.എഫിന് തലവേദനയായി.
സർക്കാരിനെ തലങ്ങും വിലങ്ങും പ്രഹരിക്കാൻ നല്ലൊരു സ്വർണവടി കിട്ടുകയും യു.ഡി.എഫ് അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നതിനിടെയാണ് മാങ്കൂട്ടത്തിലിന്റെ പെൺവിഷയം ക്രിട്ടിക്കലായത്. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ മാങ്കൂട്ടത്തിൽ ഒളിവിൽ പോയെന്ന വാർത്തകൂടി പരന്നതോടെ പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ട ബാദ്ധ്യതയും കോൺഗ്രസ് നേതാക്കൾക്ക് വന്നുചേർന്നു. മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ച് വച്ചിരിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്ന ആരോപണത്തെയും നേരിടേണ്ടി വരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയിലില്ലെന്നും അയാളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്വമില്ലെന്നുമൊക്കെയാണ് കോൺഗ്രസിന്റെ ന്യായവാദങ്ങൾ. മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം കോടതി നിഷേധിക്കുകയും അദ്ദേഹം അറസ്റ്റിലാവുകയും ചെയ്യുന്ന സാഹചര്യം വന്നാൽ അത് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസത്തിൽ മുന്നേറുന്നതിനിടെയാണ് ഈ തിരിച്ചടി. ശബരിമല വിഷയത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെയും തന്ത്രിയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം കൂടുതൽ കടുക്കുമെന്നായിരുന്നു പൊതുവേയുണ്ടായിരുന്ന രാഷ്ട്രീയ നിരീക്ഷണം. ഇതിനിടെ മുഖ്യമന്ത്രിക്കും മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനും മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചത് എൽ.ഡി.എഫിന് മറ്റൊരു പ്രഹരമായി. മുമ്പ് പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇ.ഡി ഇതേപോലെ നോട്ടീസ് അയയ്ക്കുകയും തുടർ നടപടികൾ ഗൗരവതരമല്ലാതാവുകയും ചെയ്ത അനുഭവമുള്ളതിനാൽ വലിയ ചർച്ചയ്ക്ക് സാദ്ധ്യതയില്ലെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇക്കാര്യത്തിൽ പ്രതികരണവുമായി സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരുൾപ്പെടെയുള്ളവർ രംഗത്തെത്തിയത് ഇത്തരം കാര്യങ്ങളിൽ അവർക്കുള്ള ജാഗ്രതയാണ് വെളിവാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |