
കടുത്തുരുത്തി : എന്നും യു.ഡി.എഫിനൊപ്പം നിന്ന ഡിവിഷൻ. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ് ഇടതിന് വളക്കൂറുള്ള മണ്ണായത്. കഴിഞ്ഞതവണ മറിഞ്ഞ ഡിവിഷൻ കൂടെ നിറുത്താൻ യുവത്വത്തെ ഇറക്കിയാണ് യു.ഡി.എഫിന്റെ പരീക്ഷണം. വനിതകൾ മാറ്റുരയ്ക്കുന്ന ഡിവിഷൻ കൂടെ നിൽക്കുമെന്ന് ഇരുമുന്നണികളും വിശ്വസിക്കുമ്പോൾ വോട്ട് വർദ്ധിപ്പിക്കാമെന്നാണ് എൻ.ഡി.എ പ്രതീക്ഷ. ഞീഴൂർ, കടുത്തുരുത്തി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും മാഞ്ഞൂർ പഞ്ചായത്തിലെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കുറുപ്പന്തറ ഡിവിഷനും കല്ലറ പഞ്ചായത്തിലെ അഞ്ചും മുളക്കുളത്തെ അഞ്ചും തലയോലപ്പറമ്പിലെ രണ്ടും വാർഡുകൾ ഉൾപെടുന്നതാണു കടുത്തുരുത്തി ജില്ലാ പഞ്ചായത്ത് ഡിവിഷൻ. എൽ.ഡി.എഫിലെ സൈനമ്മ ഷാജുവും, യു.ഡി.എഫിലെ ആൻമരിയ ജോർജും, എൻ.ഡി.എയിലെ ബിന്ദു ഷാജിയുമാണ് ഇത്തവണ സ്ഥാനാർത്ഥികൾ.
സൈനമ്മ ഷാജു (എൽ.ഡി.എഫ്)
വനിതാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയംഗമാണ്. 2015 മുതൽ 2025 വരെ കടുത്തുരുത്തി പഞ്ചായത്തംഗവും, 2020 ഡിസംബർ മുതൽ 2023 ജൂൺ വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സംസ്ഥാന കുടുംബശ്രീ മിഷൻ ഗവേണിംഗ് ബോഡി അംഗമാണ്. 2020- 25 കാലഘട്ടത്തിൽ കടുത്തുരുത്തി സഹകരണ ആശുപത്രി ബോർഡ് അംഗമായിരുന്നു. വി.എച്ച്.എസ് സ്‌കൂളിലെ അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. എം.കോം, എച്ച്.ഡി.സി, പി.ജി.ഡി.സി.എ, ശിശുസൗഹൃദ ഭരണത്തിൽ പി.ജി ഡിപ്ലോമ (കില) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
ആൻമരിയ ജോർജ് (യു.ഡി.എഫ്)
കോൺഗ്രസിലെ 24 കാരിയായ ആൻമരിയ ജോർജ് യു.ഡി.എഫ് പാനലിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ്. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിയായ ആൻ മരിയക്കിത് കന്നിയങ്കമാണ്. കെ.എസ്.യു കടുത്തുരുത്തി ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ കഴിഞ്ഞ നാല് വർഷമായി സജീവമാണ്. പൊളിറ്റിക്കൽ സയൻസിൽ ബി.എയും, ടി.ടി.സിയും പാസായിട്ടുണ്ട്.
ബിന്ദു ഷാജി (എൻ.ഡി.എ)
ബി.ജെ.പിയിലെ ബിന്ദു ഷാജിയ്ക്ക് തിരഞ്ഞെടുപ്പ് രംഗത്ത് കന്നിയങ്കമാണ്. വിവിധ സ്‌കൂളുകളിൽ താത്കാലിക അദ്ധ്യാപികായായി ജോലി ചെയ്തിട്ടുണ്ട്. ബി.ജെ.പി കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയാണ്. മേമ്മുറി തേവരുപറമ്പിൽ കുടുംബയോഗം സെക്രട്ടറിയാണ്. ബി.ജെ.പി സൈബർ ഇടങ്ങളിലെ സജീവ പ്രവർത്തക. പ്രീഡിഗ്രിയ്ക്കുശേഷം ടി.ടി.സി പാസായി. എൽ.ഐ.സി ഏജന്റ് കൂടിയാണ്.
നിർണായകം
ജനകീയ വിഷയങ്ങൾ, കാർഷിക പ്രശ്നങ്ങൾ
കേരള കോൺഗ്രസുകളുടെ സ്വാധീനം
യു.ഡി.എഫിന്റേത് യുവ സ്ഥാനാർത്ഥി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |