
അയർക്കുന്നം : അങ്ങനെ കണ്ണുമടച്ച് വിശ്വസിക്കാൻ കഴിയില്ല അയർക്കുന്നം ഡിവിഷനെ. തക്കവും ലാക്കും നോക്കി എങ്ങോട്ടുവേണേലും ചായും. യു.ഡി.എഫിനേയും, എൽ.ഡി.ഫിനെയും വരിച്ചിട്ടുള്ള ഡിവിഷൻ. ഇത്തവണ വനിതാസംവരണമാണ്. പൊതുസ്വതന്ത്രയെ മുന്നിൽനിറുത്തി പിടിച്ചെടുക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം.
വിജയപുരം പഞ്ചായത്തിലെ 16 വാർഡുകളും മണർകാട് പഞ്ചായത്ത് ഒമ്പതു വാർഡുകളും, അയർക്കുന്നം പഞ്ചായത്തിലെ 21 വാർഡുകളും ഉൾപ്പെടുന്നതാണ് ഡിവിഷൻ. പുതുപ്പള്ളി മണ്ഡലത്തിൽപ്പെടുന്ന അയർക്കുന്നത്ത് ഉമ്മൻചാണ്ടി വികാരം കത്തിച്ചാണ് യു.ഡി.എഫ് പ്രചരണം. അതേസമയം വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി എൽ.ഡി.എഫും, എൻ.ഡി.എയും ശക്തമായി കളത്തിലുണ്ട്. കോൺഗ്രസിന് കരുത്തുള്ള ഡിവിഷനിൽ ചിലയിടങ്ങളിൽ എൽ.ഡി.എഫിനും, എൻ.ഡി.എയ്ക്കും സ്വാധീനമുണ്ട്. യു.ഡി.എഫിലെ ഗ്രേസി കരിമ്പന്നൂരും, എൽ.ഡി.എഫിലെ ജിലു ജോണും, എൻ.ഡി.എയിലെ രമ്യ കിഷോറും അവസാനവട്ട പ്രചരണത്തിലേയ്ക്ക് കടന്നു.
ഗ്രേസി കരിമ്പന്നൂർ (യു.ഡി.എഫ്)
കോൺഗ്രസ് മണർകാട് പഞ്ചായത്ത് മുൻപ്രസിഡന്റ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം. കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമത്സരം. മണർകാട് കരിമ്പന്നൂർ കുടുംബാംഗമാണ്.
ജിലു ജോൺ (എൽ.ഡി.എഫ്)
തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യം. സി.എം.എസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജിലു ജോൺ സംരംഭക എന്ന നിലയിൽ ശ്രദ്ധേയയാണ്. ഞാലിയാകുഴിയിൽ മലയാളീസ് എന്ന പേരിൽ ഓയിൽ ആൻഡ് ഫ്ളൗർ മിൽ നടത്തുന്നു. മണർകാട് കുമ്പളപ്പള്ളിൽ കാലായിൽ കുടുംബാംഗമാണ്.
രമ്യ കിഷോർ (എൻ.ഡി.എ)
ബി.ജെ.പി അയർക്കുന്നം മണ്ഡലം സെക്രട്ടറി. മഹിള മോർച്ച മണ്ഡലം പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമത്സരം.
നിർണായകം
സഭാ വിഷയങ്ങൾ,കാർഷിക പ്രശ്നങ്ങൾ
ജോസ് വിഭാഗത്തിന് ശക്തമായ അടിത്തറ
കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |