
ബുധനൂർ: "പ്രിയപ്പെട്ട സമ്മതിദായകരെ, നമ്മുടെ സ്വന്തം സ്ഥാനാർത്ഥി ഇതാ ഈ വാഹനത്തിൽ കടന്നു വരുന്നു". ഘനഗംഭീര സ്വരത്തിൽ ഉയരുന്ന അനൗൺസ്മെന്റ് കേട്ട് സ്ഥാനാർത്ഥിയെ കാണാൻ കാത്തു നിന്നവരുടെ മുന്നിലൂടെ അനൗൺസ്മെന്റ് ചെയ്ത് സ്ഥാനാർത്ഥി തന്നെ കൈവീശി കടന്നു പോവുകയാണ്. ബുധനൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജേഷാണ് അനൗൺസ്മെന്റ് മേഖലയിൽ നിന്ന് മത്സരരംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്. 20 വർഷക്കാലമായി അനൗൺസ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന രാജേഷ് തന്റെ പ്രചരണ പ്രവർത്തനങ്ങൾക്കിടയിലും മറ്റ് സ്ഥാനാർത്ഥികളുടെ പ്രചരണ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. നൂറനാട്, ചെന്നിത്തല, മാന്നാർ, ബുധനൂർ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികൾക്കായി റെക്കോർഡ് ചെയ്ത രാജേഷിന്റെ ശബ്ദമാണ് അനൗൺസ്മെന്റ് വാഹനത്തിൽ നിന്നുമുയരുന്നത്. സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ച രാജേഷ് ബാലസംഘത്തിന്റെ പ്രവർത്തകനായിട്ടാണ് പൊതുരംഗത്തേക്ക് എത്തിയത്. യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ ബുധനൂർ മേഖലാ സെക്രട്ടറിയായും ചെങ്ങന്നൂർ മാന്നാർ കമ്മിറ്റികളുടെ നേതൃനിരയിലും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മാന്നാർ ഏരിയാ സെക്രട്ടറിയായും ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയായും സംസ്ഥാന കമ്മറ്റിയംഗമായും പ്രവർത്തിക്കുന്നു. കേരള പാണിനി എ.ആർ. രാജരാജ വർമ്മ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭരണസമിതിയംഗവുമാണ്. ലോകത്തെ നടുക്കിയ കൊവിഡ് മഹാമാരിക്കാലത്ത് യുവജനങ്ങളെ സംഘടിപ്പിച്ച് ബുധനൂർ പഞ്ചായത്ത്തല സന്നദ്ധ സേനയുടെ കൺവീനറുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |