തിരുവനന്തപുരം: 'ഭാഗ്യം കൊണ്ടാണ് കടുവയുടെ മുന്നിൽ അകപ്പെടാതിരുന്നത്. ഞങ്ങൾ രാത്രിയിൽ തമ്പടിച്ച സ്ഥലത്ത് പിറ്റേദിവസം കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വന്ന വഴിയിൽ പുലിയുടെ കാൽപ്പാടും ആനത്താരയിൽ കാട്ടാനകളുടെ കൂട്ടത്തെയും കണ്ടു. ഒരു രാത്രി മുഴുവൻ കൊടുംകാട്ടിൽ ആഴികൂട്ടി ഭയന്നിരുന്നെങ്കിലും ഒരു വെല്ലുവിളിയായി തോന്നി." കടുവ സെൻസസിനിടെ ബോണക്കാട് വനത്തിൽ കുടുങ്ങിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.വിനീത അതിസാഹസിക സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
വിനീതയെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷിനെയും വാച്ചർ രാജേഷിനെയും തിങ്കളാഴ്ചയാണ് കാണാതായത്. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്ത് കണക്കെടുപ്പ് നടത്തുന്നതിനിടെ ഉൾക്കാട്ടിൽ അകപ്പെട്ടുകയായിരുന്നു. രാത്രിയിലും ഉദ്യോഗസ്ഥർ എത്താതിരുന്നതിനെ തുടർന്ന് പാലോട്,പരുത്തിപ്പള്ളി റേഞ്ചിലെ ഉദ്യോഗസ്ഥർ പല വിഭാഗങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിറ്റേന്ന് മൊബൈൽ സിഗ്നൽ കിട്ടിയ ഭാഗത്തുനിന്ന് അകപ്പെട്ടുപോയവർ വിളിച്ചശേഷമാണ് ഇവരെ സുരക്ഷിതരായി പുറത്തെത്തിച്ചത്. സംഭവത്തെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വാർത്തകളിൽ പറയുന്നതുപോലെ ഉൾക്കാട്ടിൽവച്ച് തങ്ങൾക്ക് വഴിതെറ്റിയിട്ടില്ലെന്ന് വിനീത പറഞ്ഞു. ബോണക്കാട് നിന്ന് പത്ത് കിലോമീറ്റർ ദൂരത്തിലുള്ള പാണ്ടിപ്പത്തിൽ ഇളവന്തോട്ടം ഭാഗത്താണ് കണക്കെടുപ്പിന് പോയത്. കല്ലാർ നദിയുടെ ഉത്ഭവസ്ഥാനത്തിറങ്ങി മറുകരയിലായിരുന്നു പരിശോധന. കുന്നുകൾ പലത് മറികടന്ന് പരിശോധിക്കേണ്ടി വന്നതിനാൽ നേരം വൈകി. ഇതോടെ ഉൾക്കാട്ടിൽ നിന്ന് പെട്ടെന്ന് പുറത്തുകടക്കുന്നത് അസാദ്ധ്യമാണെന്ന് മനസിലായി.
തുടർന്ന് കല്ലാറിൽ മൂന്ന് തോടുകൾ ചേരുന്ന ഭാഗത്തെ പാറക്കെട്ടിൽ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. വന്യജീവികളുടെ ശല്യമുണ്ടാകാതിരിക്കാൻ വലിയ ആഴികൂട്ടി. ഒരു ഭക്ഷണപ്പൊതി ഉണ്ടായിരുന്നത് മൂന്നുപേരും കൂടി കഴിച്ചു. ഒരാൾ മറ്റൊരാൾക്ക് കാവലിരുന്നതുപോലെയാണ് തങ്ങൾ രാത്രി കഴിഞ്ഞതെന്നും വിനീത പറഞ്ഞു.
ജോലിയിൽ പ്രവേശിച്ചിട്ട് 16 വർഷമായെങ്കിലും ഉൾക്കാട്ടിൽ അകപ്പെട്ടുപോയത് ആദ്യത്തെ സംഭവമാണ്. ഭർത്താവ് രതീഷ് അടക്കമുള്ള കുടുംബാംഗങ്ങൾ സംഭവത്തെ കുറിച്ചറിഞ്ഞ് ഭയപ്പെട്ടിട്ടുണ്ട്. കോൺവെന്റിൽ പഠിക്കുന്ന മകളെ വിവരമറിയിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |