കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് 41 പേരിൽ നിന്നായി 33. 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപം ഫ്ളോറെൻസോ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കൺസൾട്ടൻസി സ്ഥാപന ഉടമ നിസാമുദീനെ(50) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എളമക്കര എസ്.എച്ച്.ഒ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഓസ്ട്രിയയിൽ വെയർ ഹൗസ് സ്ഥാപനത്തിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പാലക്കാട് സ്വദേശികളായ സഹോദരൻമാരിൽ നിന്ന് 2,25,000 രൂപ തട്ടിയെടുത്തത് ഉൾപ്പെടെ സ്റ്റേഷനിലെ മൂന്ന് കേസുകളിൽ പ്രതിയാണ്.
യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപയും തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിയിൽ മകന് നഴ്സിംഗ് പ്രവേശനം തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 3 ലക്ഷവും തട്ടിയെടുത്തു. നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേയിലൂടെയുമായിരുന്നു ഇടപാട്. മറ്റ് ഇടപാടുകൾ പൊലീസ് പരിശോധിച്ചു വരുന്നു, മൂന്നു മാസമായി ചങ്ങനാശേരിയിൽ ഒളിവിലായിരുന്നു. ഭാര്യ സുമിയും കേസിൽ പ്രതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |