
ഇന്ത്യ - ദക്ഷിണാഫ്രിക്ക അവസാന ഏകദിനം ഇന്ന് , ജയിക്കുന്നവർക്ക് പരമ്പര
വിശാഖപട്ടണത്തും വിരാട് ഷോ പ്രതീക്ഷിച്ച് ആരാധകർ
1.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്
വിശാഖപട്ടണം : ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യയും ഇന്ത്യയെ വിരട്ടാൻ ദക്ഷിണാഫ്രിക്കയും ഇന്ന് വിശാഖപട്ടണത്ത് ഇറങ്ങുന്നു. മൂന്ന് മത്സരപരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ചതോടെ ഇന്നത്തെ മത്സരത്തിന് ഫൈനലിന്റെ പരിവേഷം ചാർത്തപ്പെട്ടിട്ടുണ്ട്. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് ട്വന്റി-20കളുടെ പരമ്പരയും ഇരു ടീമുകളും കളിക്കുന്നുണ്ട്.
തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ച്വറിയടിച്ച വിരാട് കൊഹ‌്‌ലിയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ ആത്മവിശ്വാസം.കൊഹ്‌ലിയുടെ പ്രകടനം കാണാനായി വിശാഖപട്ടത്ത് മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. വിരാടിനെ 2027 ലോകകപ്പിൽ കളിപ്പിക്കണമെന്ന് മാത്രമല്ല ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കണമെന്നുവരെ ആരാധകർ ആവശ്യപ്പെടുന്ന പ്രകടനമാണ് താരത്തിന്റേത്. രോഹിത് ശർമ്മ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു. റുതുരാജ് ഗെയ്‌ക്ക്‌വാദ് രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി. കെ.എൽ രാഹുൽ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറിയും നേടിയിരുന്നു. യശസ്വി ജയ്സ്വാളാണ് ഇരുമത്സരങ്ങളിലും നിരാശപ്പെടുത്തിയത്.
മഞ്ഞും ടോസും
രണ്ട് മത്സരങ്ങളിലും മഞ്ഞുവീഴുന്ന രാത്രിയിൽ ചേസ് ചെയ്യാനിറങ്ങിയതാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. രണ്ടാമത് ബൗൾചെയ്യുന്നത് ഉത്തരേന്ത്യയിൽ ദുഷ്കരമായതിനാലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇരു മത്സരങ്ങളിലും 300ലേറെ റൺസ് സ്കോർ ചെയ്യാനായത്. റാഞ്ചിയിലെ ആദ്യ മത്സരത്തിൽ 349 റൺസ് പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നെങ്കിൽ റായ്പുരിൽ 358 റൺസ് അടിച്ചിട്ടും രക്ഷയുണ്ടായില്ല. മാർക്കോ യാൻസൻ, മാർക്രം, മാത്യു ബ്രീസ്കെ, ഡെവാൾഡ് ബ്രെവിസ്, കോർബീൻ ബോഷ്, തുടങ്ങിയവരുടെ പ്രകടനവും ദക്ഷിണാഫ്രിക്കയ്ക്ക് തുണയാണ്.
വിശാഖപട്ടണത്തും രാത്രിയിൽ മഞ്ഞുള്ളതിനാൽ ടോസ് നിർണായകമാണ്. കഴിഞ്ഞ 20 ഏകദിന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ടോസ് നേടാൻ കഴിഞ്ഞിട്ടില്ല. 2023ലെ ലോകപ്പിന്റെ സെമിയിലാണ് ഇന്ത്യ അവസാനമായി നേടിയത്. ടോസ് ലഭിക്കുന്ന ടീം ചേസിംഗ് തിരഞ്ഞെടുക്കും.
2021-22ൽ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് അവസാനമായി ഇന്ത്യ ടെസ്റ്റിലും ഏകദിനത്തിലും ഒരുമിച്ച് പരമ്പര നഷ്ടമാക്കിയത്. സ്വന്തം മണ്ണിൽ ഒരു എതിരാളിയുമായി ടെസ്റ്റിലും ഏകദിനത്തിലും അവസാനമായി ഒരേ സമയം പരമ്പര കൈവിട്ടത് 1986-87 സീസണിൽ പാകിസ്ഥാനെതിരെയാണ്.
4
വിരാട് കൊഹ്‌ലി മൂന്ന് ഏകദിന സെഞ്ച്വറികളും ഒരു ടെസ്റ്റ് സെഞ്ച്വറിയും നേടിയിട്ടുള്ള വേദിയാണ് വിശാഖപട്ടണം. ഇത്തവണ ഏകദിനത്തിൽ ഹാട്രിക്ക് സെഞ്ച്വറിയടിക്കാനുള്ള ഒരുക്കത്തിലാണ് വിരാട്.
സാദ്ധ്യത ഇലവനുകൾ
ഇന്ത്യ : യശസ്വി ജയ്സ്വാൾ, രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, റിഷഭ് പന്ത് /റുതുരാജ് ഗെയ്‌ക്ക്‌വാദ്, കെ.എൽ രാഹുൽ(ക്യാപ്ടൻ), വാഷിംഗ്ടൺ സുന്ദർ,രവീന്ദ്ര ജഡേജ, ഹർഷിത് റാണ,കുൽദീപ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക : എയ്ഡൻ മാർക്രം, ക്വിന്റൺ ഡി കോക്ക്/ റിക്കിൾട്ടൺ,ടെംപ ബൗമ, മാത്യു ബ്രീസ്കെ, ടോണി ഡി സോർസി,ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്,കേശവ് മഹാരാജ്,നാൻദ്രേ ബർഗർ, ഒറ്റേനിൽ ബാർട്ട്മാൻ.
പ്രതിസന്ധി ബൗളിംഗിൽ
ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത് ബൗളിംഗാണ്. പ്രത്യേകിച്ച് ഡെത്ത് ഓവറുകളിൽ.
പ്രസിദ്ധ് കൃഷ്ണ നന്നായി തല്ലുവാങ്ങുന്നുണ്ടെങ്കിലും തത്കാലം പകരം കളിപ്പിക്കാൻ ആളില്ല.
വാഷിംഗ്ടൺ സുന്ദർ, ജഡേജ, കുൽദീപ് യാദവ് എന്നീ സ്പിന്നർമാർക്ക് മത്സരത്തിന്റെ ഗതി നിയന്ത്രിക്കാനാവുന്നില്ല.
ഷമി, ബുംറ എന്നിവരുടെ നിലവാരത്തിലുള്ള ഒരു ബൗളറുടെ അഭാവം ഇന്ത്യൻ നിരയിൽ പ്രതിഫലിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |