
മേപ്പാടി: തദ്ദേശ തിരഞ്ഞെടുപ്പിൽ ചൂരൽമല ബ്ലോക്ക് ഡിവിഷനിൽ നടക്കുന്നത് വാശിയേറിയ പോരാട്ടം. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ അവസാനഘട്ട പ്രചാരത്തിലാണ്. മൂന്ന് സ്ഥാനാർത്ഥികളും ഡിവിഷനിൽ സ്വാധീനമുള്ളവരാണ്.
അബ്ദുറഹ്മാൻ (എൽ.ഡി.എഫ്), സി. ശിഹാബ് (യു.ഡി.എഫ്), ഷാജിമോൻ ചൂരൽമല (എൻ.ഡി.എ) എന്നിവരാണ് സ്ഥാനാർത്ഥികൾ. ചൂരൽമല, ചുളിക്ക, പുത്തുമല, അട്ടമല, എരുമക്കൊല്ലി, നെല്ലിമുണ്ട, കടൂർ എന്നീ വാർഡുകൾ ഉൾപ്പെടുന്നതാണ് ചൂരൽമല ബ്ലോക്ക് ഡിവിഷൻ. 8,000 ത്തോളം വോട്ടർമാരാണ് ഡിവിഷനിൽ ഉള്ളത്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും മികച്ച സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്. നിലവിൽ എൽ.ഡി.എഫിന്റെ കൈവശമാണ് ചൂരൽമല ഡിവിഷൻ. ചൂരൽമല വാർഡിലെ വോട്ടർമാരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തി കാണേണ്ട അവസ്ഥയാണ്. മുൻ മേപ്പാടി പഞ്ചായത്ത് അംഗമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുറഹ്മാൻ. പുത്തുമല ഉരുൾപൊട്ടൽ ദുരന്തബാധിതൻ കൂടിയാണ്. ചൂരൽമല ഭാഗത്ത് നല്ല സ്വാധീനമുണ്ട്. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റായ സി. ശിഹാബ് മേപ്പാടിയിലെ സമരനായകനാണ്. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രശ്നങ്ങളിലും വന്യമൃഗ ആക്രമണങ്ങളിലും സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസറെ തടഞ്ഞ സംഭവത്തിൽ ശിഹാബ് ഉൾപ്പെടെയുള്ളവർ പ്രതികളായിരുന്നു. ചൂരൽമല സ്വദേശിയും ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി കൺവീനർ കൂടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഷാജിമോൻ ചൂരൽമല. മൂന്നുപേരും മികച്ച സ്ഥാനാർത്ഥികൾ ആയതിനാൽ തന്നെ പ്രവചനാതീതമാണ് ഡിവിഷനിലെ മത്സരം.
ദുരന്ത നിവാരണ പുനരധിവാസ പ്രവർത്തനങ്ങൾ തന്നെയാണ് തിരഞ്ഞെടുപ്പിൽ കൂടുതലായി ചർച്ചയാക്കുന്നത്.
ജനങ്ങൾ സർക്കാറിന് ഒപ്പമാണെന്നും സീറ്റ് നിലനിർത്തുമെന്നും എൽ.ഡി.എഫിന്റെ അവകാശവാദം.
ദുരന്തബാധിതരോടുള്ള അവഗണന വോട്ടായി മാറുമെന്ന് യു.ഡി.എഫ് പറയുന്നത്. കേന്ദ്രസർക്കാർ ദുരന്ത മേഖലയിൽ നടത്തിയ സേവനം വോട്ടായി മാറുമെന്ന് ഷാജിമോൻ ചൂരൽമല പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |