
ഹെെദരാബാദ്: ഹെെദരാബാദിലെ ഒരു പ്രധാന റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലങ്കാന റെെസിംഗ് ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നഗരത്തിലെ യുഎസ് കോൺസുലേറ്റ് ജനറലിനോട് ചേർന്നുള്ള റോഡിനാണ് 'ഡൊണാൾഡ് ട്രംപ് അവന്യൂ' എന്ന് പേരിടുന്നത്.
യുഎസിന് പുറത്ത് സിറ്റിംഗ് പ്രസിഡന്റിനെ ആദരിക്കുന്ന സംഭവം ആഗോളതലത്തിൽ ആദ്യത്തേതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ സാന്നിദ്ധ്യവും നിക്ഷേപവും അംഗീകരിച്ചുകൊണ്ട് ഒരു പ്രധാന പാതയെ 'ഗൂഗിൾ സ്ട്രീറ്റ്' എന്ന് പേരിടുന്നതിനും പദ്ധതിയിടുന്നുണ്ട്. 'മെെക്രോസോഫ്റ്റ് റോഡ്', 'വിപ്രോ ജംഗ്ഷൻ' എന്നിവയും പരിഗണനയിലുള്ള മറ്റ് പേരുകളാണ്.
രവിര്യാലയിലെ നെഹ്റു ഔട്ടർ റിംഗ് റോഡിനെ ഫ്യൂച്ചർ സിറ്റിയുമായി ബന്ധിപ്പിക്കുന്ന 100 മീറ്റർ ഗ്രീൻഫീൽഡ് റേഡിയൽ റോഡിന് പത്മഭൂഷൺ രത്തൻ ടാറ്റയുടെ പേര് നൽകാനും തീരുമാനിച്ചിട്ടുണ്ട്. രവിര്യാല ഇന്റർചേഞ്ചിനെ ഇതിനകം 'ടാറ്റ ഇന്റർചേഞ്ച്' എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ സ്വാധീനമുള്ള വ്യക്തികളുടെയും പ്രമുഖ കോർപ്പറേഷനുകളുടെയും പേരുകൾ റോഡുകൾക്ക് നൽകുന്നത് ആദരവ് അർപ്പിക്കുന്നതിനും യാത്രക്കാർക്ക് പ്രചോദനമാകുന്നതിനും സഹായിക്കുമെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കി.
എന്നാൽ ഈ തീരുമാനത്തിൽ പലഭാഗത്തുനിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് കുമാർ റെഡ്ഡിയും ഇതിനെതിരെ രംഗത്തെത്തി. ഹെെദരാബാദിനെ 'ഭാഗ്യനഗർ' എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |