
മാറിട സ്പർശനം മാനഭംഗമല്ലെന്ന്
വിധിച്ചത് അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി: മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കുമെന്ന് സുപ്രീംകോടതി . സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്. ഇത്തരം പരാമർശം ഇരകളിൽ ഭയാനകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇരകളെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ പോലും ഇടവരുത്തും. വിധി തിരുത്തേണ്ടത് അനിവാര്യമാണ്. ഗുരുതരമായ ഇത്തരം പരാമർശങ്ങൾ ഭാവിയിൽ കോടതികളിൽ നിന്നുണ്ടാകാതിരിക്കാൻ മാർഗരേഖയിറക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. വിചാരണ തടസം കൂടാതെ തുടരണമെന്നും നിർദ്ദേശിച്ചു.
മനുഷ്യത്വരഹിതവും നിയമതത്വങ്ങൾക്ക് അപരിചിതവുമായ സമീപനമാണ് അലഹബാദ് ഹൈക്കോടതി ജഡ്‌ജി രാം മനോഹർ നാരായൺ മിശ്രയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് നേരത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ കുറിച്ച് തരിമ്പും ഉത്കണ്ഠയില്ലാത്ത മനോഭാവമാണ് പുറത്തുവന്നതെന്നും നിരീക്ഷിച്ചു. 'വീ, ദ വിമൻ ഓഫ് ഇന്ത്യ' എന്ന സന്നദ്ധസംഘടനയ്‌ക്ക് വേണ്ടി മുതിർന്ന അഭിഭാഷക ശോഭാ ഗുപ്‌ത അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്.
ഇര 11കാരി
ഉത്തർപ്രദേശിൽ 11കാരിയെ രണ്ടുപേർ ചേർന്ന് പീഡനത്തിനിരയാക്കിയെന്ന കേസിലായിരുന്നു വിവാദ നിരീക്ഷണം. പ്രതികൾ ലൈംഗികാതിക്രമ കുറ്റത്തിന് മാത്രം വിചാരണ നേരിട്ടാൽ മതിയെന്ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര ഇക്കഴിഞ്ഞ മാർച്ചിൽ ഉത്തരവിട്ടിരുന്നു. 2021ൽ ഉത്തർപ്രദേശിലെ കസ്ഗഞ്ചിലായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ ആകാശ്, പവൻ എന്നീ പ്രതികൾ തൊട്ടടുത്ത ഭൂഗർഭ തുരങ്കത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മാറിടത്തിൽ ബലംപ്രയോഗിക്കുകയും പൈജാമയുടെ ചരടു പൊട്ടിക്കുകയും ചെയ്തപ്പോഴേക്കും നിലവിളി കേട്ട് ഓടിക്കൂടിയവരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |