ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞാലുടൻ ആലപ്പുഴക്കാരുടെ ചിറപ്പുത്സവത്തിന് കൊടിയേറും. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പ് 16 മുതലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണ ഇല്ലാതിരുന്ന അലങ്കാര ഗോപുരം ഇത്തവണ ഉയരും. എ.വി.ജെ ജംഗ്ഷനിൽ ഗോപുരത്തിന് കാൽനാട്ടി. മുല്ലക്കൽ ക്ഷേത്രവും തെരുവും അലങ്കരിക്കാനുള്ള ജോലികൾ നടക്കുകയാണ്. 27 വരെയാണ് പ്രസിദ്ധമായ മുല്ലക്കൽ ചിറപ്പ് നടക്കുക. 17ന് കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികയറുന്നതോടെ ചിറപ്പ് ആവേശം ഉയരും. കിടങ്ങാംപറമ്പ് ഭൂവനേശ്വരി ക്ഷേത്രത്തിലും അലങ്കാര ഗോപുരത്തിന് കാൽനാട്ടി. ശ്രീനാരായണ ഗുരു പ്രതിമയ്ക്ക് സമീപം ഭീമ ആൻഡ് ബ്രദർ വകയായാണ് അലങ്കാര ഗോപുരം നിർമ്മിക്കുന്നത്.
വരും ദിവസങ്ങളിൽ മുല്ലക്കൽ തെരുവ് കൊടിതോരണങ്ങൾക്കൊണ്ട് അലങ്കരിക്കും. വഴിയോരക്കച്ചവടക്കാരും എത്തിത്തുടങ്ങി.
16ന് മുമ്പ്
നടപ്പാലം തുറക്കും
മുല്ലക്കൽ ചിറപ്പിന് മുമ്പായി മുല്ലക്കലിനെയും കിടങ്ങാംപറമ്പിനെയും ബന്ധിപ്പിക്കുന്ന താത്കാലിക നടപ്പാലം വരും. കോടതിപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി മറുകരയിലേക്ക് പോകാൻ എളുപ്പമാർഗം ഇല്ലാതായതോടെയാണ് താത്കാലിക പാലം നിർമ്മിക്കാൻ കളക്ടർ തീരുമാനമെടുത്തത്. പാലമില്ലാത്തതിനാൽ ചിറപ്പ് കാലത്ത് കച്ചവടം കുറയുമെന്ന് കാണിച്ച് വ്യാപാരികൾ പലതവണ പ്രതിഷേധിച്ചിരുന്നു.ജില്ലാ കോടതിപ്പാലം പുനർ നിർമ്മാണത്തെ തടസപ്പെടുത്താത്ത തരത്തിൽ മൂന്നു മാസത്തേക്കായിരിക്കും താത്കാലിക നടപ്പാലം സജ്ജമാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |