
മാവേലിക്കര : മദ്യത്തിനടിമയായ മകന്റെ മർദ്ദനമേറ്റ് അമ്മ കൊല്ലപ്പെട്ടു. മാവേലിക്കര നഗരസഭ മുൻ കൗൺസിലറായ, കല്ലുമല പുതുച്ചിറ ഭാഗത്ത് കോടമ്പറമ്പിൽ വീട്ടിൽ പരേതനായ സോമാജന്റെ ഭാര്യ കനകമ്മ സോമരാജനാണ് (69) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏകമകൻ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ്ണദാസിനെ (39) പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സ്വത്തുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നറിയുന്നു.
ഇന്നലെ രാവിലെ കൃഷ്ണദാസ് തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെയും പൊലീസിനെയും അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു കനകമ്മയുടെ മൃതദേഹം. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു.
കനകമ്മയും കൃഷ്ണദാസും മാത്രമായിരുന്നു വീട്ടിൽ താമസം.ബി.എസ് സി നഴ്സിംഗ് പഠനം നടത്തിയിരുന്നെങ്കിലും ഇലക്ട്രീഷ്യനായാണ് കൃഷ്ദാസ് ജോലി ചെയ്തിരുന്നത്. പ്രണയിച്ച് ഒരു യുവതിയെ ഇയാൾ വിവാഹം ചെയ്തിരുന്നെങ്കിലും പിന്നീട് വിവാഹമോചിതനായി. സ്ഥിരം മദ്യപാനിയായിരുന്ന കൃഷ്ണദാസിനെ ലഹരി വിമോചനകേന്ദ്രത്തിൽ ചികിത്സയ്ക്കു വിധേയനാക്കിയിരുന്നു. ആറുമാസം മുമ്പ് ചികിത്സ കഴിഞ്ഞെത്തിയെങ്കിലും ഇയാൾ മദ്യപിക്കുന്നത് തുടർന്നെന്ന് പൊലീസ് പറഞ്ഞു.
അമ്മയെ മർദ്ദിക്കുന്നതും പതിവായിരുന്നു. ഇതിന്റെ പേരിൽ നിരവധി തവണ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.
കല്ലുമല മഞ്ഞാടി ഭാഗത്ത് താമസിച്ചിരുന്ന ഇവർ 20 വർഷം മുമ്പാണ് പുതുച്ചിറയിലേക്ക് താമസം മാറിയത്. കനകമ്മയുടെ ഭർത്താവ് സോമരാജൻ സി.പി.ഐയുടെ പ്രാദേശികനേതാവായിരുന്നു. കനകമ്മയും സി.പി.ഐയിൽ നിന്ന് മത്സരിച്ചാണ് കൗൺസിലറായത്. സോമരാജന്റെ മരണത്തിനു ശേഷമാണ് കൃഷ്ണദാസ് സ്ഥിരം മദ്യപാനിയായി മാറിയത്. പ്രണയവിവാഹത്തെ മാതാവ് അംഗീകരിക്കാതിരുന്നത് കൃഷ്ണദാസിന് അമ്മയോടുള്ള വിരോധത്തിന് കാരണമായിരുന്നു. വിവാഹമോചനം നേടിയിരുന്നെങ്കിലും ഭാര്യയുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം ആവശ്യപ്പെട്ട് നിരന്തരം മാതാവുമായി കലഹിക്കുമായിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കനകമ്മയുടെ പേരിൽ കൊറ്റാർകാവിൽ ഉള്ള 10 സെന്റ് സ്ഥലം അടുത്ത ദിവസം വിൽപ്പന നടത്താനിരിക്കുകയായിരുന്നു. സ്ഥലം വിറ്റുകിട്ടുന്ന പണത്തിൽ നിന്ന് ഒരു പങ്ക് മരുമകളുടെചികിത്സയ്ക്ക് നൽകിയശേഷം അമൃതാനന്ദമയി മഠത്തിലേക്ക് താമസം മാറാൻ കനകമ്മ പദ്ധതിയിട്ടിരുന്നു. പണത്തിന്റെ വിഹിതത്തെ ചൊല്ലിയുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു.
ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാർ സ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.മർദ്ദനമേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |