
കൊച്ചി: എറണാകുളം നഗരത്തിൽ അന്യസംസ്ഥാനക്കാരനായ യുവാവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കവർച്ചചെയ്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയിൽ പൊലീസ് നിരീക്ഷണം ശക്തമായിരിക്കെയാണ് ഈ സംഭവം.
കൊച്ചിയിലെ സ്വകാര്യലാബിൽ ജോലിയെടുക്കുന്ന പൂനെ ചർവാഡ് വാസ്തി നിവരുത്തിനഗർ സ്വദേശി ചിൻമെ ദത്താരം ആംബ്രേയയെയാണ് (20) തോക്ക് ചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയത്. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷന് സമീപത്തെ സ്വപ്നിൽ എൻക്ലേവിൽ താമസിക്കുന്ന യുവാവ് അയ്യപ്പൻകാവ് എൽ.ബി കോംപ്ലക്സിൽ താമസിക്കുന്ന സുഹൃത്തിനെ കാണാൻ കാൽനടയായി പോകവെ അയ്യപ്പൻകാവ് റോഡിൽ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.
കാറിലെത്തിയ അഞ്ചംഗ കവർച്ചാസംഘം വിജനമായ ഭാഗത്ത് കാർ നിറുത്തിയിട്ടിരിക്കുകയായിരുന്നു. സംഘത്തലവൻ ആദ്യം യുവാവിനെ സമീപിച്ച് മൊബൈൽഫോൺ തട്ടിയെടുത്തു. തുടർന്ന് കാറിനടുത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി. ഇതിനിടെ ബഹളംവയ്ക്കാൻ ശ്രമിച്ചപ്പോഴാണ് സംഘത്തിലെ മറ്റൊരാൾ തോക്കുചൂണ്ടി വധഭീഷണി മുഴക്കിയത്. ചിൻമെയുടെ തലയിലേക്ക് തോക്ക് ചേർത്തുവച്ചായിരുന്നു ഭീഷണി. തുടർന്ന് കാറിൽ കയറ്റിയശേഷം യുവാവിന്റെ കോളറിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയും ഹിന്ദിയിൽ അസഭ്യം പറയുകയും ചെയ്തു.
കാർ ഓടിക്കൊണ്ടിരിക്കെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രണ്ടുതവണയായി ഗൂഗിൾപേവഴി 3000 രൂപ കൈക്കലാക്കി. യുവാവിന്റെ അക്കൗണ്ടിൽ കൂടുതൽ പണമില്ലെന്ന് ഉറപ്പാക്കിയപ്പോൾ പാലാരിവട്ടത്തെ ഇടറോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് തള്ളിയിട്ട് കടന്നു.
ഇന്നലെ രാവിലെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. പ്രതികൾ മലയാളികളാണെന്ന് യുവാവ് മൊഴിനൽകി. സംഭവസ്ഥലം മുതലുള്ള സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊച്ചിയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നടത്തുന്ന രണ്ടാമത്തെ കവർച്ചയാണിത്. ഒക്ടോബർ 9ന് കുണ്ടന്നൂരിൽ സ്റ്റീൽ വ്യാപാരി സുബിൻ തോമസിനെ തോക്കുംവടിവാളുംകാട്ടി ഭീഷണിപ്പെടുത്തി 81 ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ എറണാകുളം, തൃശൂർ, ഇടുക്കി സ്വദേശികളായ പ്രതികളെ മരട് പൊലീസ് അറസ്റ്റുചെയ്തിരുന്നു. എറണാകുളം എം.ജി റോഡിലെ ബാറിൽ മദ്യപിക്കാനെത്തിയ ഗുണ്ടാസംഘം കോർപ്പറേഷൻ കൗൺസിലറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൾ ബംഗളൂരുവിൽനിന്ന് പിടിയിലായിരുന്നു. രണ്ട് കേസുകളിലും തോക്കുകൾ കണ്ടെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |