ഹരിപ്പാട്: എൽ.ഡി.എഫിനും യു.ഡി.എഫിനും അടിത്തറയുള്ളതും എൻ.ഡി.എ സാന്നിദ്ധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഹരിപ്പാട് മണ്ഡലത്തിലെ 10 ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.
നിയമസഭ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ പിന്തുണക്കുന്ന മണ്ഡലം ലോകസഭാ- തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ഇരുകൂട്ടരേയും മാറിമാറി പിന്തുണക്കുന്നതാണ് പതിവ്. എൻ.ഡി.എ സ്വാധീനം മെച്ചപ്പെടുത്തിയതോടെ അട്ടിമറികൾക്കും സാദ്ധ്യതയേറെ. പകുതിയോളം സ്ഥലങ്ങളിൽ ത്രികോണ മത്സരങ്ങൾക്കുള്ള സാദ്ധ്യത നിലനിൽക്കുന്നു. കഴിഞ്ഞ തവണ ചെറുതന, കാർത്തികപ്പള്ളി, കരുവാറ്റ, മുതുകുളം, കുമാരപുരം, പള്ളിപ്പാട്, എന്നീ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. നേരിയ സീറ്റ് വ്യത്യാസത്തിലാണ് ഇവിടെ മുന്നണികൾ ഭരിച്ചത്. ഇവിടെയൊക്കെ ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യം ഫലപ്രവചനം അസാദ്ധ്യമാക്കുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. കുമാരപുരത്തും കാർത്തികപ്പള്ളിയിലും മാത്രം ഇടതുമുന്നണിയെ ഒതുക്കി ശേഷിക്കുന്ന ഹരിപ്പാട് നഗരസഭ, കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ യു.ഡി.എഫ് ഭരണം പിടിച്ചിരുന്നു. എന്നാൽ 2020ലെ തിരഞ്ഞെടുപ്പിൽ തൃക്കുന്നപ്പുഴ, ചിങ്ങോലി,ചെറുതന, ഹരിപ്പാട് നഗരസഭ എന്നീ സീറ്റുകളിൽ യു.ഡി.എഫിനെ ഒതുക്കി ഇടതുമുന്നണി മധുര പ്രതികാരം വീട്ടി. മണ്ഡലത്തിലെ ഹരിപ്പാട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തുകളിലും കനത്ത പരാജയമാണ് യു.ഡി.എഫിന് 2020ൽ ഏറ്റു വാങ്ങേണ്ടി വന്നത്. 2015ൽ കാർത്തികപ്പള്ളിയിൽ മാത്രമാണ് ബി.ജെ.പി. മൂന്ന് സീറ്റ് നേടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. എട്ട് സീറ്റുകളാണ് അന്ന് മണ്ഡലത്തിലാകെ നേടിയത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാർത്തികപ്പള്ളി, ചെറുതന, മുതുകുളം, കരുവാറ്റ, ഹരിപ്പാട് നഗരസഭ എന്നിവിടങ്ങളിൽ മികച്ച പ്രകടനം അവർ കാഴ്ചവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |