പയ്യാവൂർ: അർഹത ഇല്ലാത്തവരുടെ വോട്ട് ഓപ്പൺ വോട്ട് ആക്കുന്നുണ്ടെങ്കിൽ ആയത് തടയണമെന്ന് ഹൈക്കോടതി ഇലക്ഷൻ കമ്മീഷന് നിർദ്ദേശം നൽകി. അന്ധരോ അവശരോ ആയവർക്ക് സഹായിയെ ഉപയോഗിച്ച് വോട്ട് ചെയ്യാവുന്ന ഓപ്പൺ വോട്ടിന്റെ മറവിൽ യാതൊരു ആരോഗ്യ പ്രശ്നവുമില്ലാത്ത, തങ്ങൾക്ക് വോട്ട് ചെയ്യില്ല എന്ന് സംശയമുള്ള വോട്ടർമാരെ വ്യാപകമായി ചില രാഷ്ട്രീയപാർട്ടി പ്രവർത്തകർ ഓപ്പൺ വോട്ട് ചെയ്യിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പയ്യാവൂർ ഡിവിഷൻ സ്ഥാനാർത്ഥി സവിത ജയപ്രകാശ് നൽകിയ ഹരജി തീർപ്പാക്കികൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
പയ്യാവൂർ ഡിവിഷനിൽ പ്പെട്ട പയ്യാവൂർ പഞ്ചായത്തിലെ കുഞ്ഞിപ്പറമ്പ്, ചാമക്കാൽ, പയ്യാവൂർ, കോയിപ്ര, വെമ്പുവ എന്നീ വാർഡുകളും ഏരുവേശി പഞ്ചായത്തിലെ മുയിപ്ര, എരുവേശ്ശി, പൂപ്പറമ്പ്, ചളീംപറമ്പ്,താരചീത്ത എന്നീ വാർഡുകളും ഉൾപ്പെട്ടതാണ് പയ്യാവൂർ ഡിവിഷൻ. ഈ വാർഡുകളിൽ മുൻകാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെയും മറ്റും ഭീഷണിപ്പെടുത്തി വ്യാപകമായി ഇത്തരത്തിൽ ഓപ്പൺ വോട്ട് ചെയ്തിരുന്നതായും ആയത് തടയണമെന്നും ആവശ്യപ്പെട്ട് നേരത്തെ ഹരജിക്കാരി ഇലക്ഷൻ കമ്മീഷനും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയിരുന്നു. പിന്നീട് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ആവശ്യമെങ്കിൽ തുടർ കേസുമായി മുന്നോട്ടു പോകുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. അഡ്വ. വി.ടി മാധവനുണ്ണി, വി.എ സതീഷ് എന്നിവരാണ് ഹരജിക്കാരിക്ക് വേണ്ടി ഹാജരായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |