കണ്ണൂർ: ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഗ്രാമപ്പഞ്ചായത്തിൽ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പുകൾ മുന്നണികൾ നേരത്തേ തുടങ്ങിയിരുന്നു. വാർഡ് വിഭജനം മുതൽ സ്ഥാനാർത്ഥി നിർണയം വരെയുള്ള പ്രക്രിയയിൽ കടുത്ത പോരാട്ടമായിരുന്നു മുന്നണികൾ തമ്മിൽ. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. ഇക്കുറി വാർഡുകളുടെ എണ്ണം രണ്ട് കൂടി 19 ആയി. 3500-ഓളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുരധിവാസമേഖല ഉൾപ്പെടുന്ന ആറളം ഫാം വാർഡ് വിഭജിച്ച് ആറളം ഫാം, കോട്ടപ്പാറ എന്നീ രണ്ടു വാർഡുകളായി മാറി. ഇടവേലി എന്ന പുതിയൊരു വാർഡുകൂടി ഇതിനൊപ്പം ഉണ്ടായി.
നിലവിൽ എൽ.ഡി.എഫ് ഭരണത്തിലാണ് ആറളം. കേവലം ഒരു സീറ്റിന്റെ ബലത്തിലാണ് കെ.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കിയത്. ഒരു മുന്നണിക്കും കുത്തക അവകാശപ്പെടാനുള്ള രാഷ്ടീയചരിത്രം ആറളത്തിനില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒൻപതും യു.ഡി.എഫിന് എട്ടും സീറ്റാണ് ലഭിച്ചത്.
ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീർപ്പാട് വാർഡിൽ നിന്ന് സി.പി.എം നേതാവ് ബേബി ജോൺ പൈനാപ്പള്ളി വിജയിച്ചതോടെയാണ് എൽ.ഡി.എഫിന് ഒരു സീറ്റിന്റെ മേൽക്കൈ നേടാനായത്. എന്നാൽ, വിജയത്തിന് പിന്നാലെയാണ് ബേബി ജോൺ പൈനാപ്പള്ളി മരണപ്പെട്ടത്. ഉപതിരഞ്ഞെടുപ്പുവരെ ഇരുമുന്നണികളും എട്ടു സീറ്റിന്റെ ബാലാബലം നിലനിർത്തി. ഉപതിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വാർഡ് നിലനിർത്തിയാണ് ഒരു സീറ്റിന്റെ ബലത്തിൽ എൽ.ഡി.എഫ് ഭീഷണിയില്ലാതെ ഭരണം കൊണ്ടുപോയത്. ബി.ജെ.പിക്ക് മൂന്ന് വാർഡുകളിൽ മാത്രമാണ് കാര്യമായ സ്വാധീനം ഉള്ളത്. മറ്റ് വാർഡുകളിലെല്ലാം ഇരുമുന്നണികളും തമ്മിലാണ് പ്രധാന മത്സരം.
വാർഡ് വിഭജനം എൽ.ഡി.എഫ് രാഷ്ട്രീയവത്കരിച്ചുവെന്ന ആരോപണം തുടക്കം മുതൽ യു.ഡി.എഫ് ഉയർത്തിയിരുന്നു. ജനസംഖ്യാനുപാതികമായുള്ള വിഭജനം മാത്രമാണ് ഉണ്ടായിട്ടുള്ളുവെന്നാണ് ഇടതുമുന്നണി പറയുന്നത്. കൈവിട്ട ഭരണം പിടിച്ചെടുക്കാനുള്ള എല്ലാ നീക്കങ്ങളും യു.ഡി.എഫ് നടത്തുന്നുണ്ട്. ഭരണം നിലനിർത്താൻ എൽ.ഡി.എഫും ശ്രമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |