കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. അവസാന മണിക്കൂറുകളിൽ പരമാവധിവോട്ട് ഉറപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം. രാവിലെ മുതൽ തന്നെ വാർഡ് തലങ്ങളിൽ കൂടുതൽ പ്രവർത്തകരെ അണിനിരത്തി പ്രചാരണം നടത്തും. ഉച്ചയ്ക്കുശേഷം മൂന്നുമണി മുതൽ ഗ്രാമപഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ ശക്തി പ്രകടനം ആരംഭിക്കും. നാലുമണി മുതൽ ആറുമണിവരെ കൊട്ടിക്കലാശം ആഘോഷമാക്കാൻ ആണ് മുന്നണികളുടെ തീരുമാനം. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാകും കൂടുതൽ പ്രവർത്തകർ എത്തുക. മറ്റ് ടൗണുകളിലും കൊട്ടിക്കലാശം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഗ്രാമ പ്രദേശങ്ങളിൽ കൊട്ടിക്കലാശത്തിന് സമാനമായ ആഘോഷം സംഘടിപ്പിച്ചിരുന്നു. കൊട്ടിക്കലാശ ദിവസം സംഘർഷം ഒഴിവാക്കാനായി പൊലീസ് ജാഗ്രതയിലാണ് . അതാത് പൊലീസ് സ്റ്റേഷനുകളിൽ യോഗങ്ങൾ വിളിച്ച് വിവിധ മുന്നണികൾക്ക് പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മാത്രമേ പരിപാടികൾ സംഘടിപ്പിക്കാൻ അനുമതിയുള്ളൂ. വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിക്കുക, കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കുക, തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. കഴിഞ്ഞ ഒരു മാസക്കാലമായി തുടരുന്ന പരസ്യപ്രചാരണത്തിനാണ് ഇന്ന് സമാപനംകുറിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ കൊട്ടിക്കലാശയത്തിൽ സംസ്ഥാനത്തു തന്നെ അറിയപ്പെടുന്ന നേതാക്കളെ ഉൾപ്പെടുത്താനാണ് തീരുമാനം. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം,വന്യമൃഗ ശല്യം, ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളും ശബരിമലയിലെ സ്വർണ്ണപ്പാളി, രാഹുൽ മാങ്കൂട്ടം തുടങ്ങിയ വിഷയങ്ങളിലും വാശിയേറിയ പ്രചാരണമാണ് വയനാട്ടിൽ നടന്നത്. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ഇടതുമുന്നണിയാണ് പ്രചാരണത്തിൽമേൽകൈ നേടിയത്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം അല്പം വൈകിയെങ്കിലും
തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ ഉൾപ്പെടെ സംഘടിപ്പിച്ച് പ്രചാരണത്തിൽ യു.ഡി.എഫ് ഒപ്പത്തിനൊപ്പം എത്തി. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു ബി.ജെ.പിയുടെ പ്രകടനം. പല ഗ്രാമപഞ്ചായത്തുകളിലും ത്രികോണ മത്സരമാണ് നടക്കുന്നത്. പൂതാടി ഗ്രാമപഞ്ചായത്തിലാണ് ബി.ജെ.പി കൂടുതൽ ലക്ഷ്യം വെക്കുന്നത്. മറ്റ് ഗ്രാമപഞ്ചായത്ത് നഗരസഭ വാർഡുകളിലും ബി.ജെ.പി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെയുംലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെയുംവോട്ടുകളുടെ കണക്കുകൾ ഉദ്ധരിച്ചാണ് എൻ.ഡി.എ കൂടുതൽ പ്രതീക്ഷ വച്ചുപുലർത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |