
തെലങ്കാന: ഹൈദരാബാദിലെ യു.എസ് കോൺസുലേറ്റ് ജനറലിനോട് ചേർന്നുള്ള റോഡ് 'ഡൊണാൾഡ് ട്രംപ് അവന്യൂ" റോഡ് എന്നറിയപ്പെടും. 100 മീറ്റർ ഗ്രീൻഫീൽഡ് റേഡിയൽ റോഡ് അറിയപ്പെടുക പദ്‌മഭൂഷൺ രത്തൻ ടാറ്റയുടെ പേരിൽ. നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങൾ 'ഗൂഗിൾ സ്ട്രീറ്റും" 'വിപ്രോ ജംഗ്ഷനും ".
'തെലങ്കാന റൈസിംഗ് ഗ്ലോബൽ സമ്മിറ്റ്" എന്ന അന്താരാഷ്ട്ര പരിപാടി നടക്കാനിരിക്കെ നിരവധി റോഡുകൾക്ക് പ്രമുഖ വ്യക്തികളുടെയും ആഗോള കമ്പനികളുടെയും പേര് നൽകാനൊരുങ്ങുകയാണ് തെലങ്കാന സർക്കാർ. ഹൈദരാബാദിന്റെ ടെക് ഹബ്ബ് എന്ന നിലയിലുള്ള വളർച്ചയ്ക്ക് സംഭാവന നൽകിയ ലോകമെമ്പാടുമുള്ള ബിസിനസ്, സാങ്കേതികവിദ്യ രംഗത്തെ പ്രതിഭകളെ ആദരിക്കുകയാണ് ഇതിലൂടെ. മറ്റുള്ളവർക്ക് പ്രചോദനമാകുക, ഹൈദരാബാദിനെ വികസിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു.
ഈ പദ്ധതികളെക്കുറിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും യു.എസ് എംബസിയെയും അറിയിക്കും. ഈ വർഷമാദ്യം ഡൽഹിയിൽ നടന്ന വാർഷിക യു.എസ്- ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം കോൺക്ലേവിൽ ഹൈദരാബാദിലെ പ്രധാന റോഡുകൾക്ക് പ്രമുഖ ആഗോള കമ്പനികളുടെ പേരിടാൻ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നിർദ്ദേശിച്ചിരുന്നു.
അതിനിടെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബണ്ടി സഞ്ജയ് കുമാർ രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
കോൺഗ്രസ് സർക്കാരിന് പേരുമാറ്റാൻ ഇത്രയധികം ഉത്സാഹമുണ്ടെങ്കിൽ, ചരിത്രവും അർത്ഥവുമുള്ള എന്തെങ്കിലും ഉപയോഗിച്ചുതുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗർ" എന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |