
ബംഗളൂരു: ഭരണഘടനയും ഭഗവദ്ഗീതയും ഒന്നാണെന്ന ജനസേന പാർട്ടി നേതാവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ പരാമർശം വിവാദത്തിൽ. കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണമഠത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് പവൻ കല്യാൺ വിവാദ പരാമർശം നടത്തിയത്. ഭഗവദ്ഗീതയെ ഭരണഘടനയുടെ കെെയെഴുത്തുപ്രതിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
'ചില ധർമവും ഭരണഘടനയും വ്യത്യസ്ത ലോകങ്ങളുടേതാണെന്ന് കരുതുന്നു. പക്ഷേ അത് അങ്ങനെയല്ല. ധർമം ഒരു ധാർമിക കോമ്പസാണ്. ഭരണഘടന നിയമപരമായ കോമ്പസാണ്. ഇവ രണ്ടും പരസ്പരം പൂരകങ്ങളാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂർണവുമായ സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്'- പവൻ കല്യാൺ വ്യക്തമാക്കി.
പവർ കല്യാണിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനം ഉയർത്തുന്നുണ്ട്. ഭരണഘടന മനസിലാക്കാത്ത സെലിബ്രിറ്റികളാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു. ഭരണഘടന മതേതരമാണ്. അതിൽ ധർമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും പവനെതിരെ രംഗത്തെത്തി. നിയമത്തെയും ധർമത്തെയും കുറിച്ച് പവൻ കല്യാണിന് ധരണയില്ലെന്നും ഭരണഘടനയ്ക്കും ധർമത്തിനും ഒന്നാകാൻ കഴിയില്ലെന്നും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.
എന്നാൽ ബിജെപി നേതാക്കൾ കല്യാണിനെ പിന്തുടച്ച് രംഗത്തെത്തിയിട്ടുണ്ട്. പവൻ പറഞ്ഞത് ശരിയാണെന്നും തത്വങ്ങൾ ഒന്നുതന്നെയാണെന്നും ബിജെപി നേതാവ് മഹേഷ് തെങ്കിങ്കായ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |