തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെതിരെ വിമർശനമുന്നയിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശരിദൂരം നിലപാട് എൻ.എസ്.എസ് പുന:പരിശോധിക്കണമെന്നും, സമുദായത്തിലെ അംഗങ്ങൾ ആഗ്രഹിക്കുന്ന നിലപാടല്ല എൻ.എസ്.എസ് സ്വീകരിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ശത്രുപക്ഷത്തെ സംഘടനയായി എൻ.എസ്.എസിനെ കാണുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൻ.എസ്.എസിന്റെ ആശങ്കകൾക്ക് സർക്കാർ ആവശ്യമായ പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ സവർണ്ണ, അവർണ്ണ ജാതികൾക്കിടയിൽ വേർതിരിവുണ്ടാക്കി, സർക്കാർ വർഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് ചങ്ങനാശേരിയിൽ വച്ച് നടന്ന 'വിജയദശമി നായർ സമ്മേളന'ത്തിൽ പ്രസംഗിക്കവെ സുകുമാരൻ നായർ ആരോപിച്ചിരുന്നു.
കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് യഥാർത്ഥത്തിൽ ഈ സർക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ ഇതിലൂടെ ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങൾക്കും പട്ടിക ജാതി വിഭാഗങ്ങൾക്കും വേണ്ടി മാത്രം നിലകൊണ്ടാൽ അവരുടെ വോട്ട് നോടാം എന്നാണ് സർക്കാർ കരുതുന്നത്. മുന്നാക്ക വിഭാഗം എണ്ണത്തിൽ കുറവാണ് എന്നതാണ് ഇതിന് കാരണം. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഇപ്പോഴത്തെ സർക്കാർ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ കൂടിയാണ് ഇത് ചെയ്യുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ വഴി നൽകി വന്നിരുന്ന ധനസഹായങ്ങൾക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ തടഞ്ഞ് വെച്ചിരിക്കയാണ്. 50 കോടിയിൽ കൂടുതൽ രൂപയാണ് ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്'- സുകുമാരൻ നായർ കഴിഞ്ഞദിവസം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |