
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ. ഇന്ന് ഒരു ദിനപത്രത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സാദ്ധ്യതയുള്ളവരുടെ പട്ടികയിൽ ബെന്യാമിൻ എന്ന പേരും കണ്ടു. എന്നാൽ അങ്ങനെയൊരു സാദ്ധ്യതയില്ലെന്ന് വിനയപൂർവം അറിയിക്കട്ടെ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രം രാഷ്ട്രീയത്തിൽ ഇറങ്ങുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന നിരവധി ആളുകൾ ഉയർന്നു വരുന്ന സമൂഹത്തിൽ മാദ്ധ്യമങ്ങൾ ഇങ്ങനെയും ഒരു സാദ്ധ്യത സംശയിക്കുന്നതിൽ തെറ്റു പറയാനില്ല. എന്നാൽ അങ്ങനെയല്ലാതെയും രാഷ്ട്രീയവും നിലപാടുകളും പറയുന്നവർ ഇവിടെയുണ്ടെന്ന് അറിയിക്കുക എന്റെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആ ബെന്യാമിൻ ഞാനല്ല !!
ഇന്നത്തെ ദിനപ്പത്രത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ബെന്യാമിൻ എന്ന പേരും കണ്ടു.
എന്നാൽ അങ്ങനെയൊരു സാധ്യതയില്ലെന്ന് വിനയപൂർവ്വം അറിയിക്കട്ടെ.
ഓൺലൈൻ യൂടൂബ് ചാനലുകൾ ഇതിനുമുൻപും ഇത്തരം വാർത്തകൾ പുറത്തുവിട്ടിട്ടുണ്ട്. അപ്പോഴൊക്കെ അഭിമുഖങ്ങളിലും സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും അങ്ങനെയൊരു സാധ്യത ഞാൻ തള്ളിക്കളഞ്ഞിരുന്നു. ഇത് പിന്നെയും ഒരു മുഖ്യധാരമാധ്യമം പറയുന്നതുകൊണ്ടാണ് വീണ്ടും ഒരു വിശദീകരണം കൂടി നൽകുന്നത്.
ഇന്ത്യയിലെ ഏത് പൗരനെയും പോലെ എനിക്കും രാഷ്ട്രീയമുണ്ട്, രാഷ്ട്രീയ നിലപാടുകളുണ്ട്, എളിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്, പൊതുവേദികളിലും സോഷ്യൽ മീഡിയയിലും എന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുമുണ്ട്. എന്നാൽ അതൊക്കെ ഏതെങ്കിലും സ്ഥാനങ്ങൾക്ക് വേണ്ടിയാണെന്നത് ഞാൻ ഇന്നോളം എടുത്തിട്ടുള്ള നിലപാടുകളെ റദ്ദുചെയ്തു കളയുന്നതാണ്.
സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രം രാഷ്ട്രീയത്തിൽ ഇറങ്ങുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന നിരവധി ആളുകൾ ഉയർന്നു വരുന്ന സമൂഹത്തിൽ മാധ്യമങ്ങൾ ഇങ്ങനെയും ഒരു സാധ്യത സംശയിക്കുന്നതിൽ തെറ്റു പറയാനില്ല. എന്നാൽ അങ്ങനെയല്ലാതെയും രാഷ്ട്രീയവും നിലപാടുകളും പറയുന്നവർ ഇവിടെയുണ്ടെന്ന് അറിയിക്കുക എന്റെ ഉത്തരവാദിത്തമാണ്.
ജനാധിപത്യത്തോടോ ജനാധിപത്യമത്സരങ്ങളോടോ എനിക്ക് എന്തെങ്കിലും വിയോജിപ്പ് ഉള്ളതുകൊണ്ടല്ല അത്. മാത്രമല്ല സാധാരണ ജനങ്ങൾക്കിടയിൽ ഇറങ്ങിപ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരോട് എനിക്ക് നല്ല ബഹുമാനവും ആദരവുമുണ്ട്. അവരോളം ജനമനസുകളെ തൊട്ടുനിൽക്കുന്നവർ ആരുണ്ട്. എന്നാൽ എന്റെ സ്വപ്നങ്ങളും ജീവിതരീതിയും സ്വഭാവവുമൊക്കെ സാഹിത്യത്തിനു വേണ്ടി ചിട്ടപ്പെടുത്തിയതാണ്. സാഹിത്യ രചനകളിലാണ് എന്റെ ആഹ്ലാദം. അതിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
പൊതുപ്രവർത്തനത്തിൽ അഭിരുചിയുള്ള ധാരളം മികച്ച പ്രതിഭകൾ നമുക്കുണ്ട്. അവർ നമുക്ക് നല്ല രാഷ്ട്രീയം സമ്മാനിക്കട്ടെ. ഞാൻ എഴുതാൻ ആഗ്രഹിക്കുന്ന ചില കൃതികളുണ്ട്. അവ എനിക്ക് മാത്രമേ എഴുതാൻ കഴിയൂ എന്ന് എനിക്ക് ബോധ്യമുണ്ട്. ഈ ചെറിയ ജീവിതത്തിൽ അത് പൂർത്തീകരിക്കാനാണ് എന്റെ ആഗ്രഹം.
വാർത്ത വായിച്ച പല സുഹൃത്തുക്കളും വായനക്കാരും വിളിച്ചന്വേഷിച്ചതുകൊണ്ടാണ് ഇത്രയും എഴുതിയത്.
എനിക്ക് രാഷ്ട്രീയമുണ്ട്, അഭിപ്രായങ്ങളും നിലപാടുകളും പറയും. അതിനർത്ഥം അത് രാഷ്ട്രീയത്തിൽ ഏതെങ്കിലും സ്ഥാനമാനങ്ങൾക്കുവേണ്ടിയാണ് എന്നല്ല. അതുകൊണ്ട് ഇത്തരം വാർത്തകളും കൊണ്ട് ഇനിയും ഈ വഴി വരല്ലേ മാധ്യമങ്ങളേ..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |