തിരുവനന്തപുരം: വഞ്ചിയൂരിൽ സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ബി.ജെ.പി പ്രവർത്തകരുടെ ആരോപണം സംഘർഷത്തിൽ കലാശിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് 2.30ഓടെ വഞ്ചിയൂർ വാർഡിലെ രണ്ടാം നമ്പർ ബൂത്തായ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയ്‌ക്ക് മുന്നിലാണ് സംഭവം. വാർഡിൽ താമസമില്ലാത്ത ട്രാൻസ്ജെൻഡർമാരെയും മറ്രു നിരവധി പേരെയും വിവിധ ടി.സി നമ്പരുകളിൽ ഉൾപ്പെടുത്തി വോട്ട് ചെയ്യിച്ചെന്നാണ് ബി.ജെ.പി പ്രവർത്തകരുടെ ആരോപണം.
പോളിംഗ് ബൂത്തിന് നൂറുമീറ്റർ അകലത്തിൽ മാത്രമേ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ പാടുള്ളൂവെന്നാണ് നിയമം. എന്നാൽ ബൂത്തിന് പത്തുമീറ്റർ വ്യത്യാസത്തിൽ പ്രവർത്തിക്കുന്ന നിലവിലെ കൗൺസിലർ ഗായത്രി ബാബുവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് തിരഞ്ഞടുപ്പ് പ്രവർത്തനം നടത്തുന്നതായി ബി.ജെ.പി ആരോപിച്ചു. ഇതു മൊബൈലിൽ പകർത്തിയ ബി.ജെ.പി ഏരിയാ പ്രസിഡന്റ് ശോഭലതയുടെ മകൻ മഹേഷിനെ ട്രാൻസ്ജെൻഡേഴ്‌സ് ആക്രമിക്കുകയായിരുന്നു. തുടർന്ന് മഹേഷ് റോഡ് ഉപരോധിച്ചു. ആക്രമണം നടത്തിയ ട്രാൻസ്ജെൻഡേഴ്‌സിനെ അറസ്റ്റ് ചെയ്യാൻ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. സംഘർഷാവസ്ഥ വിലയിരുത്തി ജലപീരങ്കി അടക്കം പൊലീസ് സജ്ജമാക്കിയിരുന്നു.
വ്യാപക കള്ളവോട്ട്, റീപോളിംഗ് വേണം: കരമന ജയൻ
വഞ്ചിയൂർ രണ്ടാം ബൂത്തിൽ വ്യാപകമായി സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന് ബി.ജെ.പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ. വഞ്ചിയൂരിൽ താമസമില്ലാത്ത ട്രാൻസ്ജൻഡേഴ്സിനെ വരെ ഇറക്കി. ബി.ജെ.പി വനിതാ നേതാവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. കള്ളവോട്ട് തടയാൻ സ്ഥാപിച്ച ക്യാമറയുടെ ബാറ്ററി ചാർജ് തീർന്നെന്നുപറഞ്ഞ് മൊബൈൽ ക്യാമറയിലാണ് ദൃശ്യങ്ങൾ പകർത്തിയത്. വഞ്ചിയൂർ രണ്ടാം ബൂത്തിൽ റീപോളിംഗ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ട് ചെയ്തവർ പട്ടികയിൽ പേരുള്ളവർ: വഞ്ചിയൂർ ബാബു
വോട്ടർപട്ടികയിൽ പേരുള്ളവർ മാത്രമാണ് വോട്ട് ചെയ്തതെന്നും കള്ളവോട്ട് ആരോപണം തെറ്റാണെന്നും സി.പി.എം സ്ഥാനാർത്ഥി വഞ്ചിയൂർ ബാബു പറഞ്ഞു. ഓൺലൈൻ വഴിയാണ് വോട്ട് ചേർക്കുന്നത്. നാലുതവണ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ട്രാൻസ്‌ജെൻഡർമാർ വഞ്ചിയൂരിൽ താമസിക്കുന്നവരാണ്. ഇവർ വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ അവരെ ബി.ജെ.പി പ്രവർത്തകർ കൂവിവിളിച്ചു. തങ്ങൾ ആരെയും ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റീപോളിംഗ് നടത്തണം: കെ.മുരളീധരൻ
വഞ്ചിയൂരിൽ റീ പോളിംഗ് വേണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വാർഡിൽ താമസമില്ലാത്ത ട്രാൻസ്ജെൻഡേഴ്സിനെ ഉൾപ്പെടുത്തിയത് കള്ളവോട്ട് ചെയ്യിക്കാനാണ്. റീപോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകും.
ഹൈക്കോടതി ഉത്തരവ്പ്രകാരം ബൂത്തിനുള്ളിൽ സ്ഥാപിക്കേണ്ട ക്യാമറകൾ സ്ഥാപിച്ചത് ഒരു മണിക്കൂർ വൈകിയാണ്. ഒരു മണിക്കൂറിനുള്ളിൽ നിരവധി കള്ളവോട്ട് നടന്നു, ആദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഗിരീഷ് കുമാർ കള്ളവോട്ട് തടയാൻ ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോടതിയെ സമീപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |