തിരുവനന്തപുരം:കൊടുമ്പിരിക്കൊണ്ട വാദപ്രതിവാദങ്ങൾക്കും കനത്ത പ്രചാരണങ്ങൾക്കും ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ വാർഡുകളിലെ ബൂത്തുകൾ വിധിയെഴുതി. 58.24% മാണ് നഗരസഭാ പരിധിയിലെ പോളിംഗ്. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വോട്ടിംഗ് മാറ്റിവച്ച വിഴിഞ്ഞം ഒഴികെയുള്ള 100 വാർഡുകളിലും ജനങ്ങൾ വോട്ടുചെയ്‌തു. വോട്ടിംഗ് അവസാനിച്ചതോടെ രാഷ്ട്രീയപ്പാർട്ടികളും സ്ഥാനാർത്ഥികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ഇന്നലെ രാവിലെ പോളിംഗ് ആരംഭിക്കുമ്പോൾ വലിയ തിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് മന്ദഗതിയിലായി. രാവിലെ പത്തരമണിക്ക് 16.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് 12.30 ആയപ്പോൾ 23.71 ശതമാനായി വർദ്ധിച്ചു. എന്നാൽ പിന്നീട് പോളിംഗ് മന്ദഗതിയിലായി. വൈകിട്ട് 5 മണിയായപ്പോൾ 51.73 ശതമാനമായി.
കന്നിവോട്ടർമാർ മുതൽ നൂറു വയസു കഴിഞ്ഞവർ വരെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി. പ്രായമായവരെയും ശാരീരിക അവശതകളുള്ളവരെയും കസേരകളും സ്‌ട്രെച്ചറുകളിലും വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ പോളിംഗ് ബൂത്തിൽ എത്തിച്ചു. അപൂർവം ബൂത്തുകളിൽ പാർട്ടിപ്രവർത്തകർ തമ്മിൽ തർക്കമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു.പാച്ചല്ലൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ടുചെയ്യാനെത്തിയ തിരുവല്ലം മണമേൽ പ്ലാങ്ങൽ വീട്ടിൽ ശാന്ത (73 ) ബൂത്തിനകത്ത് കുഴഞ്ഞുവീണു മരിച്ചു. വഞ്ചിയൂർ രണ്ടാം ബൂത്തിൽ കള്ളവോട്ട് ആരോപണത്തെ തുടർന്ന് സംഘർഷമുണ്ടായി.
ബൂത്തുകൾ കുറവ്
1500ഓളം വോട്ടർമാർക്ക് ഒരു ബൂത്ത് മാത്രം സജ്ജീകരിച്ചത് വോട്ടിംഗ് വൈകിച്ചു. മുൻപ് രണ്ട് ബൂത്ത് ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ഇക്കുറി ഒരു ബൂത്ത് മാത്രമാണ് സജ്ജമാക്കിയത്. വരിയിൽ നിന്ന് തളർന്ന വൃദ്ധരും വരികണ്ട് നിരാശരായവരും വോട്ടിടാതെ മടങ്ങി. വിഴിഞ്ഞം ഹാർബർ ഏരിയ ഗവ.യു.പി സ്കൂളിൽ ഉച്ചമുതൽ നീണ്ടനിര കാണാമായിരുന്നു. വോട്ടർമാർ കൂടുതലുള്ള കോട്ടുകാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ഒരു ബൂത്ത് മാത്രമാണുണ്ടായിരുന്നത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |