
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20യിൽ 101റൺസിന് ജയിച്ച് ഇന്ത്യ അഞ്ചുമത്സര പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറിൽ 74 റൺസിന് ആൾഔട്ടായി. ബാറ്റിംഗിൽ ഹാർദിക്ക് പാണ്ഡ്യ നേടിയ അർദ്ധസെഞ്ച്വറിയും ബൗളിംഗിൽ രണ്ട് വിക്കറ്റുകൾ വീതം നേടിയ അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ,വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, ഒരോ വിക്കറ്റ് നേടിയ ഹാർദിക്, ശിവം ദുബെ എന്നിവർ ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും ഇന്നലെ പ്‌ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഓപ്പണറായി ശുഭ്മാൻ ഗിൽ മടങ്ങിയെത്തിയപ്പോൾ വിക്കറ്റ് കീപ്പറായി അവസരം നൽകിയത് ജിതേഷ് ശർമ്മയ്ക്കാണ്. ഇപ്പോഴിതാ ഇതിനെതിരെ വിമർശനം ശക്തമാകുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോഡുള്ള സഞ്ജുവിനെപോലെ ഒരു താരത്തെ ഗില്ലിന് വേണ്ടി തഴയുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗില്ലിനെ (4) മൂന്നാം പന്തിൽ തന്നെ ദക്ഷിണാഫ്രിക്ക പുറത്താക്കിയിരുന്നു. ഇതോടെയാണ് ടീം മാനേജ്‌മെന്റിനെതിരെ മുൻ താരങ്ങൾ അടക്കം വിമർശനവുമായി രംഗത്തെത്തുന്നത്. പ്രോജക്ട് ഗില്ലുമായി ബിസിസിഐ മുന്നോട്ടുപോകുകയാണെങ്കിൽ സംഞ്ജു സാംസണെ പോലെ ഒരു പ്രതിഭാധനനായ താരത്തെ ടീമിലെടുത്തത് അപമാനിക്കുന്നത് മതിയാക്കണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ഡയറക്ടറായ ജോയ് ഭട്ടാചാര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ഓപ്പണറായി മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസൺ. അദ്ദേഹത്തെ തഴഞ്ഞ് മദ്ധ്യനിരയിലേക്ക് മാറ്റുന്നത് ഫലം ചെയ്യില്ല. മദ്ധ്യനിരയിൽ കളിക്കാൻ വിക്കറ്റ് കീപ്പർ ഫിനിഷറായ പന്താണ് ഉത്തമം. ട്വന്റി 20 ലോകകപ്പിനായി ഗില്ലിനെ ഓപ്പണർ സ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന കാര്യം ഏറെക്കുറേ ഉറപ്പായി. ടോപ്പ് ഓർഡറിൽ സഞ്ജുവിനെ കളിപ്പിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ ടീമിൽ എടുത്തിട്ട് കാര്യമില്ല. പകരം പന്തിനെ എടുക്കൂ. പന്ത് നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ കളിക്കുന്ന താരമാണ്'- ജോയ് ഭട്ടാചാര്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |