
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായ വി.പി സാനുവിനെ സർക്കാർ നാമനിർദ്ദേശം ചെയ്തു. മൂന്നുവർഷത്തോളം പ്രസിഡന്റായിരുന്ന മുൻ ഇന്ത്യൻ ഫുട്ബാൾ താരവുമായ യു.ഷറഫലിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഇടതുമുന്നണി തീരുമാനിച്ചതോടെയാണ് സാനുവിനെ സ്പോർട്സ് കൗൺസിൽ തലവനാക്കുന്നത്.നിലമ്പൂർ മണ്ഡലത്തിലേക്കാണ് ഷറഫലിയെ പരിഗണിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ദീർഘനാളിന് ശേഷമാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന് അന്തർദേശീയ കായികതാരമല്ലാത്ത പ്രസിഡന്റ് വരുന്നത്. ഇടതുസർക്കാരിന്റെ കാലത്ത് കായികതാരങ്ങളായിരുന്ന മേഴ്സിക്കുട്ടനും ഷറഫലിയുമാണ് പ്രസിഡന്റായിരുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പത്മിനി തോമസും അഞ്ജു ബോബി ജോർജും പ്രസിഡന്റുമാരായിരുന്നു. സംസ്ഥാന സർക്കാരാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. സംസ്ഥാന കൗൺസിലിൽ ജനപ്രതിനിധികളുടെ ക്വാട്ടയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |