
ആദ്യപാദ പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-0ത്തിന് തോൽപ്പിച്ച് റയൽ മാഡ്രിഡ്
റയലിനായി മൂന്നുഗോളുകളും നേടിയത് ഫെഡറിക്കോ വൽവെർദെ
ചെൽസിയെ 5-2ന് കീഴടക്കി പി.എസ്.ജി, ആഴ്സനലിന് സമനില
മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി മുൻ ചാമ്പ്യന്മാർ തന്നെയായ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ മൂന്നു ഗോളുകളും നേടിയത് ഉറുഗ്വേക്കാരനായ ഫെഡറിക്കോ വൽവെർദേയാണ്. ആദ്യ പകുതിയിൽതന്നെയായിരുന്നു വൽവെർദേയുടെ മൂന്ന് ഗോളുകളും.
മുൻനിര താരങ്ങളായ കിലിയൻ എംബാപ്പെ, റോഡ്രിഗോ, ജൂഡ് ബെല്ലിംഗ്ഹാം,എദർ മിലിറ്റാവോ,ഡേവിഡ് അലാബ, അൽവാരോ,കബെല്ലോസ് തുടങ്ങിയവർ പരിക്കുമൂലം പുറത്തിരുന്ന മത്സരത്തിൽ റയൽ ആരാധകരുടെ മനസിലെ ആശങ്കകളെല്ലാം ആവിയാക്കിക്കളയുന്ന പ്രകടനമാണ് വൽവെർദേ പുറത്തെടുത്തത്. 20,27,42 മിനിട്ടുകളിലായാണ് വൽവെർദേ ഹാട്രിക് തികച്ചത്. ഇതോടെ പകച്ചുപോയ സിറ്റിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനേ കഴിഞ്ഞില്ല.
20-ാം മിനിട്ടിൽ സ്വന്തം ഗോളി ടിബോ കുർട്ടോയിൽ നിന്ന് ലഭിച്ച ഒരു ഗോൾ കിക്കുമായി സിറ്റിയുടെ ലെഫ്റ്റ് ബാക്കിനെയും മുന്നോട്ടിറങ്ങിയ ഗോളി ജിയാൻ ലൂഗി ഡോണറുമ്മയേയും വെട്ടിച്ച് മുന്നേറി ആളൊഴിഞ്ഞ പോസ്റ്റിലേക്ക് നിസാരമായി നിറയൊഴിക്കുകയായിരുന്നു വൽവെർദേ. ഏഴു മിനിട്ടിന് ശേഷം വിനീഷ്യസിന്റെ പാസിൽ നിന്ന് അടുത്ത ഗോളും നേടി. 42-ാം മിനിട്ടിൽ ബ്രാഹിം ഡയസിന്റെ പാസിൽ നിന്നാണ് ഹാട്രിക് തികച്ചത്. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ഹാട്രിക്ക് നേടുന്ന റയൽ മാഡ്രിഡിന്റെ ആദ്യ മിഡ്ഫീൽഡറാണ് 27കാരനായ വൽവെർദേ. 57-ാം മിനിട്ടിൽ വിനീഷ്യസ് എടുത്ത പെനാൽറ്റി കിക്ക് ഡോണറുമ്മ തട്ടിയകറ്റിയില്ലായിരുന്നെങ്കിൽ റയലിന്റെ മാർജിൻ ഉയർന്നേനെ.രണ്ടാം പകുതിയിൽ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള പകരക്കാരെ ഇറക്കിനോക്കിയെങ്കിലും ഗോളടിക്കാനായില്ല. അടുത്ത ചൊവ്വാഴ്ച രാത്രി സ്വന്തം തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഇതിലും മികച്ച മാർജിനിൽ ജയിച്ചെങ്കിൽ മാത്രമേ സിറ്റിക്ക് ക്വാർട്ടർ ഫൈനലിലേക്ക് കടക്കാനാകൂ.
മറ്റൊരു ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ 5-2ന് ഇംഗ്ളീഷ് ക്ളബ് ചെൽസിയെ തുരത്തിയ നിലവിലെ ചാമ്പ്യന്മാരായ പാരീസ് എസ്.ജി ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ക്വിച്ച ഖവാരത്‌സ്കേലിയ, ഓരോ ഗോളടിച്ച ബ്രാഡ്ലി ബ്രാക്കോള, ഒസ്മാനേ ഡെംബലെ, വിറ്റീഞ്ഞ എന്നിവർ ചേർന്നാണ് പി.സ്.ജിക്ക് വിജയം നൽകിയത്. 10-ാം മിനിട്ടിൽ ബ്രാഡ്ലിയിലൂടെ പി.എസ്.ജി ആദ്യ ഗോളടിച്ചു. 28-ാം മിനിട്ടിൽ മാലോ ഗുസ്തോയിലൂടെ ചെൽസി തിരിച്ചടിച്ചു. 40-ാം മിനിട്ടിൽ ഡെംബലെ പി.എസ്.ജിയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും 57-ാം മിനിട്ടിലെ എൻസോ ഫെർണാണ്ടസിന്റെ ഗോൾ കളിവീണ്ടും സമനിലയിലാക്കി. എന്നാൽ 74-ാം മിനിട്ടിൽ വിറ്റീഞ്ഞയും 86,90+4 മിനിട്ടുകളിൽ ഖവാരത്‌സ്കേലിയയും നേടിയ ഗോളുകൾ കളിയുടെ വിധി കുറിച്ചു.
ഈ സീസണിലെ കറുത്ത കുതിരകളായ നോർവീജിയൻ ക്ളബ് ബോഡോ ഗ്ളിംറ്റ് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് പോർച്ചുഗീസ് ക്ളബ് സ്പോർടിംഗ് ലിസ്ബണിനെ തോൽപ്പിച്ച് തങ്ങളുടെ അശ്വമേധം തുടർന്നു. ബ്രൺസ്റ്റാഡ് ഫെറ്റ്, ബ്ളോംബെഗ്,കാസ്പെർ ഹോ എന്നിവരാണ് ഗോളുകൾ നേടിയത്. അതേസമയം ഇംഗ്ളീഷ് പ്രിമിയർ ആീഗിലെ ഇപ്പോഴത്തെ മുൻ നിരക്കാരായ ആഴ്സനലിന് ആദ്യ പാദ പ്രീക്വാർട്ടറിൽ ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനുമായി 1-1ന് സമനില വഴങ്ങേണ്ടി വന്നു. സ്വന്തം തട്ടകത്തിൽ 46-ാം മിനിട്ടിൽ റോബർട്ട് ആൻറിച്ചിലൂടെ ലെവർകൂസനാണ് ആദ്യം മുന്നിലെത്തിയത്. 89-ാം മിനിട്ടിൽ കായ് ഹാവെർട്സിലൂടെയാണ് ആഴ്സനൽ സമനില പിടിച്ചത്.
മത്സരഫലങ്ങൾ
റയൽ മാഡ്രിഡ് 3- മാഞ്ചസ്റ്റർ സിറ്റി 0
പാരീസ് എസ്.ജി 5- ചെൽസി 2
ബോഡോ ഗ്ളിംറ്റ് 3- സ്പോർടിംഗ് 0
ആഴ്സനൽ 1- ലെവർകൂസൻ 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |