
കൊച്ചി: വൈദ്യുതി ഇന്ധനമായി പ്രവർത്തിക്കുന്ന 70 ടൺ ഭാരമുള്ള നാല് ടഗ്ഗുകൾ നിർമ്മിക്കാൻ കൊച്ചി ഷിപ്പ്‌യാർഡിന് ഡെന്മാർക്കിൽ നിന്ന് കരാർ. കണ്ടെയ്‌നർ ടെർമിനലുകളിലും തുറമുഖങ്ങളിലും പ്രവർത്തിപ്പിക്കുന്ന ടഗ്ഗുകളാണ് നിർമ്മിക്കുക.
തുറമുഖ സേവനങ്ങൾ നൽകുന്ന ഡെന്മാർക്കിലെ സ്വിറ്റ്‌സർ ഗ്‌ളോബൽ കമ്പനിയുമായി ഷിപ്പ്‌യാർഡ് കരാർ ഒപ്പിട്ടു. ട്രാൻസ്‌വേഴ്സ് 2600 വിഭാഗത്തിൽപ്പെട്ട ടഗ്ഗുകളാണ് നിർമ്മിക്കുക. കപ്പലുകളെ തുറമുഖത്തേയ്‌ക്ക് വലിച്ചുകയറ്റുകയും തിരികെവിടുകയും ചെയ്യുന്ന
ടഗ്ഗുകളാണിവ.
വരുംതലമുറ ആവശ്യങ്ങൾക്ക് സജ്ജമായ വിധത്തിലാകും നിർമ്മാണം. കടൽക്ഷോഭത്തിലും ദുർഘടവും വെല്ലുവിളിയുള്ളതുമായ സാഹചര്യങ്ങളിലും ദൗത്യങ്ങൾ നിർവഹിക്കാൻ ശേഷിയുണ്ടായിരിക്കും. ഏതുതരത്തിലും വലിപ്പത്തിലുമുള്ള കപ്പലുകളെയും സഹായിക്കാൻ കഴിയും. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ തുറമുഖ ദൗത്യങ്ങൾക്കായി ടഗ്ഗുകളെ വിന്യസിക്കും.
മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്, സാങ്കേതികവിദ്യാവികസനം എന്നീ പദ്ധതികളുടെ ഭാഗമാണ് ടഗ്ഗ് നിർമ്മാണമെന്ന് ഷിപ്പ്‌യാർഡ് അധികൃതർ പറഞ്ഞു.
26 മീറ്റർ നീളമുള്ള ടഗ്ഗുകളിൽ ആദ്യത്തേത് 2027ൽ നിർമ്മാണം പൂർത്തിയാക്കി കൈമാറും. 2028ൽ ബാക്കി ടഗ്ഗുകളും കൈമാറുകയാണ് ലക്ഷ്യം. 400 കോടി രൂപയുടേതാണ് കരാറെന്നാണ് സൂചന.
ടഗ്ഗ് നിർമ്മാണക്കരാർ ഒപ്പിടൽ ചടങ്ങിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓപ്പറേഷൻസ് ഡയറക്ടർ ഡോ. ഹരികൃഷ്‌ണൻ, ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഹരികുമാർ, ജനറൽ മാനേജർ നാഗേഷ് കൃഷ്‌ണമൂർത്തി, സ്വിറ്റ്‌സർ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കാസ്‌പെർ നിലായസ്, ചീഫ് ഫിനാൻസ് ഓഫീസർ കുഡ് വിങ്ക്‌ളർ എന്നിവർ പങ്കെടുത്തു.
സ്വിറ്റ്‌സർ ഗ്‌ളോബൽ
കേപ്ഹവൻ ആസ്ഥാനം
200 വർഷത്തെ പ്രവർത്തനം
143 തുറമുഖങ്ങൾ
40 ടെർമിനലുകൾ
446 യാനങ്ങൾ
4,000 ജീവനക്കാർ
2,000 ഇടപാടുകാർ
ഭാവിസാദ്ധ്യതകളായ വൈദ്യുത, ബാറ്ററി ഇന്ധനമായ അത്യാധുനിക യാനങ്ങൾ ഡിസൈൻ ചെയ്യാനും നിർമ്മിക്കാനുമുള്ള ഷിപ്പ്‌യാർഡിന്റെ വൈഭവമാണ് കരാറിലൂടെ തെളിയുന്നത്. വൈദ്യുതി ഇന്ധനമായ യാനങ്ങൾ നിർമ്മിക്കാനുള്ള മികവ് വർദ്ധിപ്പിക്കാനും ടഗ്ഗ് നിർമ്മാണം സഹായിക്കും.
മധു എസ്. നായർ
ചെയർമാൻ, എം.ഡി
കൊച്ചിൻ ഷിപ്പ്‌യാർഡ്
കപ്പൽ നിർമ്മാണത്തിൽ വിപുലമായ ശേഷിയും ഉന്നതനൈപുണ്യം നേടിയ തൊഴിൽശക്തിയും ഇന്ത്യയുടെ മികവാണ്. മലിനീകരണരഹിതമായ കപ്പൽ നിർമ്മാണത്തിലും കപ്പലോട്ടദർശനവുമുള്ള ഇന്ത്യയോടുള്ള വിശ്വാസം ഉറപ്പിക്കുന്നതുമാണ് കരാർ.
കാസ്‌പെർ നിലായസ്
സി.ഇ.ഒ
സ്വിറ്റ്‌സർ ഗ്‌ളോബൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |